മഡ്ഗാവ്: ഐഎസ്എല്ലില്‍ ആദ്യ ജയത്തിനായി ഈസ്റ്റ് ബംഗാളിന്‍റെ കാത്തിരിപ്പ് പുതുവര്‍ഷത്തിലേക്ക് നീളും. ഐഎസ്എല്ലില്‍ ഇന്ന് നടന്ന ആവേശപ്പോരില്‍ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളക്കാനെ ഈസ്റ്റ് ബംഗാളിനായുള്ളു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ചു. സമനിലയോടെ ഏവ് കളികളില്‍ മൂന്ന് പോയന്‍റുമായി ഈസ്റ്റ് ബംഗാള്‍ ഒഡീഷ എഫ്‌സിയെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി പത്താം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഏഴ് കളികളില്‍ ഒമ്പത് പോയന്‍റുള്ള ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.

ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ ചാങ്തെ ആണ് ചെന്നൈയിനെ മുന്നിലെത്തിച്ചത്. സീസണില്‍ ചാംഗ്തെയുടെ ആദ്യ ഗോളാണിത്.ഗോളടിച്ചതിന്‍റെ ആവശേത്തില്‍ ചെന്നൈയിന്‍ ആക്രമണം കടുപ്പിച്ചതോടെ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിലായി. ആദ്യപകുതിയില്‍ മഗോമക്കും റഫീഖിനും ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടമാക്കിയത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി. 36-ാം മിനിറ്റില്‍ ഗോള്‍ കീപ്പറെ വരെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ റഫീഖിന് ഫിനിഷ് ചെയ്യാനായില്ല.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആസൂത്രിതമായി കളിച്ച ഈസ്റ്റ് ബംഗാള്‍ 59ാം മിനിറ്റില്‍ സ്റ്റെയ്മാനിലൂടെ സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ സമനില ഗോള്‍ പിറന്നതിന് പിന്നാലെ ഉണര്‍ന്നു കളിച്ച ചെന്നൈയിന്‍ 64-ാം മിനിറ്റില്‍ റഹീമിലൂടെ വീണ്ടും ലീഡെടുത്തു. ചെന്നൈയിന്‍റെ ലീഡിന് നാലു മിനിറ്റ് ആയുസേ ഉണ്ടായിരുന്നുള്ളു. സ്റ്റെയ്മാന്‍ വീണ്ടും ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ചതോടെ ഇരുടീമുകളും ഗോള്‍ വഴങ്ങാതിരിക്കാനായി പിന്നീടുള്ള കളി. ഇതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.