മഡ്ഗാവ്:  ഐഎസ്എല്‍ സെമി ഫൈനലിന്‍റെ ആദ്യ പാദത്തില്‍ അടിയും തിരിച്ചടിയുമായി എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും 2-2 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കളിയിലെ താരമായത് ഗോവയുടെ മധ്യനിരയിലെ കരുത്തനായ ജോര്‍ജെ ഓര്‍ട്ടിസ് മെന്‍ഡോസ.

മത്സരത്തില്‍ ഗോവക്കായി ഗോളടിച്ചത് അംഗൂളോയും സേവിയര്‍ ഗാമയുമായിരുന്നെങ്കിലും  90 മിനിറ്റും ഗോവക്കായി മധ്യനിരയില്‍ പൊരുത്തിയ മെന്‍ഡോസ ടീമിനായി മൂന്ന് ഗോളവസരങ്ങള്‍ ഒരുക്കി. ഇതിന് പുറമെ ഒരു അസിസ്റ്റും മൂന്ന് വിജയകരമായ ഡ്രിബ്ലികളും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടും പായിച്ച് 8.84 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്പാനിഷ് വമ്പന്‍മാരായ അതലറ്റിക്കോ മാഡ്രിഡിന്‍റെ ബി ടീമില്‍ പന്ത് തട്ടിയിട്ടുളള താരമാണ് മെന്‍ഡോസ. സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന ബലാറസില്‍ നിന്നാണ് മെന്‍ഡോസ എഫ്‌സി ഗോവയിലെത്തിയത്. ബലാറസില്‍ കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങള്‍ കളിച്ച മെന്‍ഡോസ എട്ട് ഗോളും സ്വന്തമാക്കിയിരുന്നു.

2018 സീസണിലാണ് മെന്‍ഡോസ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ബി ടീമില്‍ കളിച്ചത്. 19 മത്സരങ്ങള്‍ അത്‌ലറ്റിക്കോയ്ക്കായി ബൂട്ടണിഞ്ഞ മെന്‍ഡോസ മൂന്ന് ഗോളും സ്വന്തമാക്കി. അത്‌ലറ്റിക്കോയെ കൂടാതെ നിരവധി സ്പാനിഷ് ക്ലബുകളില്‍ മെന്‍ഡോസ പന്ത് തട്ടിയിട്ടുണ്ട്.

സീസണ് മുമ്പ് മെന്‍ഡോസയെ ടീമിലെത്തിക്കാനായി മുംബൈ സിറ്റി എഫ്‌സിയും ശ്രമിച്ചിരുന്നു. എന്നാല്‍ എഫ്‌സി ഗോവ തിരഞ്ഞെടുക്കാനാണ് മെന്‍ഡോസ താല്‍പര്യം പ്രകടിപ്പിച്ചത്.

Powerd BY