മഡ്‌ഗാവ്: ഐഎസ്എല്‍ സെമിയില്‍ ഗോവ എഫ്‌സിയെ തോൽപിച്ച് മുംബൈ സിറ്റി എഫ്‌സി ഫൈനലിലേക്ക് എത്തിയെങ്കിലും കളിയിലെ താരമായത് ഗോവയുടെ ഇവാന്‍ ഗോണ്‍സാലസ്. മുംബൈയുടെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് ഗോളിലേക്കുള്ള വഴിയടച്ച മികവിനാണ് ഇവാന്‍ ഗോണ്‍സാലസ് ഹീറോ ഓഫ് ദ് മാച്ചായത്.

ഗോവക്കായി 120 മിനിറ്റും കളം നിറഞ്ഞു കളിച്ച ഇവാന്‍ ഗോണ്‍സാലസ് മത്സരത്തില്‍ ഒരു ഫ്രീ കിക്കും ഒരു ക്രോസും അടക്കം 7.91 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്. മുപ്പത്തിയൊന്നുകാരനായ ഇവാൻ ഗോൺസാലസ് ഈ സീസണിലാണ് എഫ്‌സി ഗോവയില്‍ എത്തിയത്.

മാഡ്രിഡില്‍ ജനിച്ച ഗോണ്‍സാലസ് 12-ാം വയസില്‍ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‍റെ യൂത്ത് ക്യാമ്പിലെത്തി. റയല്‍ സി ടീമിനായി 99 മത്സരങ്ങള്‍ കളിച്ചു. പിന്നീടങ്ങോട്ട് ഡിപ്പോര്‍ട്ടീവോ അടക്കമുള്ള പല ക്ലബുകളുടേയും വിവിധ ഡിവിഷനുകളില്‍ കളിച്ച ശേഷമാണ് ഐഎസ്എല്ലില്‍ എത്തിയത്.

Powered By