ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ വിജയപ്രതീക്ഷയുമായെത്തിയ എ ടി കെ മോഹന്‍ ബഗാനെ ഹൈദരാബാദ് എഫ് സി സമനിലയില്‍ പിടിച്ചുകെട്ടിയ മത്സരത്തില്‍ കളിയിലെ താരമായത് ഇന്ത്യയുടെ യുവ വീര്യമായ ലിസ്റ്റണ്‍ കൊളാക്കോ. ഗോളടിച്ചില്ലെങ്കിലും മത്സരത്തിലൂടനീളം പുറത്തെടുത്ത മികവിനാണ് ലിസ്റ്റണെ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുത്തത്.

22കാരനായ ലിസ്റ്റണ്‍ ഇന്ത്യ അണ്ടര്‍ 23 ടീം അംഗമാണ്. ഐഎസ്എല്ലില്‍ ഇതുവരെ നാലു മത്സരങ്ങളില്‍ ഹൈദരാബാദിനായി ബൂട്ടണിഞ്ഞ ലിസ്റ്റണ്‍ ഗോളിലേക്ക് 12 ഷോട്ടുകള്‍ തൊടുത്തിട്ടുണ്ട്. 2016-2017 ഗോവ പ്രഫഷണല്‍ ലീഗില്‍ സാല്‍ഗോക്കറിനെ ചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചതിലൂടെയാണ് ലിസ്റ്റണിലെ പ്രതിഭയെ ഫുട്ബോള്‍ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. അതിന് പിന്നാലെ ഗോവ എഫ്‌സിയുടെ റിസര്‍വ് ടീമിലെത്തിയ ലിസ്റ്റണ്‍ അവിടെ മന്‍വീര്‍ സിംഗിനൊപ്പം മികവ് കാട്ടി.

2017-2018 സീസണില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പകരക്കാരനായാണ് ലിസ്റ്റണ്‍ ഐഎസ്എല്ലില്‍ അരങ്ങേറിയത്. അരങ്ങേറ്റ സീസണില്‍ നാലു തവണ മാത്രമെ ഗോവക്കായി കളിക്കാനായുള്ളു. കഴിഞ്ഞ സീസണിലാകട്ടെ ഒറു മത്സരത്തില്‍ മാത്രമാണ് ലിസ്റ്റണ്‍ ഗോവക്കായി പകരക്കാരനായി കളത്തിലിറങ്ങിയത്. 2019-20 സീസണിന്‍റെ  ആദ്യ പകുതിയിലും ഗോവക്കൊപ്പമുണ്ടായിരുന്ന ലിസ്റ്റണ്‍ പിന്നീട് ഹൈദരാബാദ് എഫ്‌സിയിലേക്ക് കൂടുമാറുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി ഏഴ് മത്സരങ്ങളില്‍ രണ്ടു തവണ ലക്ഷ്യം കണ്ട ലിസ്റ്റണ്‍ ഇത്തവണ അവരുടെ മുന്നേറ്റ നിരയിലെ ചാട്ടുളിയാണ്. ഈ സീസണില്‍ ഹൈദരാബാദിനായി നാലു മത്സരങ്ങളിലും ലിസ്റ്റണ്‍ ഹൈദരാബാദിനായി കളത്തിലിറങ്ങി.

Powered By