Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: സഡന്‍ ഡെത്തില്‍ ഗോവയെ വീഴ്ത്തി മുംബൈ ഫൈനലില്‍

സഡന്‍ ഡെത്തിലെ ആദ്യ മൂന്ന് കിക്കും ഇരു ടീമുകളും വലയിലാക്കിയപ്പോള്‍ ഗോവയുടെ നാലാം കിക്കെടുത്ത ഗ്ലാന്‍ മാര്‍ട്ടിന്‍സിന് പിഴച്ചു. മാര്‍ട്ടിന്‍സിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ നിര്‍ണായക നാലാം കിക്കെടുത്ത മുംബൈയുടെ റൗളിന്‍ ബോര്‍ജസിന് പിഴച്ചില്ല.

ISL 2020-2021 Mumbai City FC beat Goa FC to reach maiden ISL Final
Author
Goa, First Published Mar 8, 2021, 10:34 PM IST

ബംബോലിം: നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും പെനല്‍റ്റി ഷൂട്ടൗട്ടിലും സമനിലയായ സെമി ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ സഡന്‍ ഡെത്തിലൂടെ എഫ്‌സി ഗോവയെ മറികടന്ന് മുംബൈ സിറ്റി എഫ് സി ഐഎസ്എല്‍ ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോള്‍രഹിത സമനിലയായതിനെത്തുടര്‍ന്നാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു മൂന്ന് രണ്ട് വീതം ഗോള്‍ നേടി വീണ്ടും സമനില പാലിച്ചതിനെത്തുടര്‍ന്നാണ് സഡന്‍ ഡെത്തില്‍ വിജയികളെ നിശ്ചയിച്ചത്.

സഡന്‍ ഡെത്തിലെ ആദ്യ മൂന്ന് കിക്കും ഇരു ടീമുകളും വലയിലാക്കിയപ്പോള്‍ ഗോവയുടെ നാലാം കിക്കെടുത്ത ഗ്ലാന്‍ മാര്‍ട്ടിന്‍സിന് പിഴച്ചു. മാര്‍ട്ടിന്‍സിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ നിര്‍ണായക നാലാം കിക്കെടുത്ത മുംബൈയുടെ റൗളിന്‍ ബോര്‍ജസിന് പിഴച്ചില്ല. ബോര്‍ജസ് അനായാസം പന്ത് വലിയിലാക്കിയതോടെ മുംബൈ സിറ്റി എഫ് സിയുടെ നീലക്കുപ്പായക്കാല്‍ ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തി. സെമിഫൈനല്‍ ആദ്യ പദത്തില്‍ ഇരു ടീമുകളും 2-2 സമനില പാലിച്ചിരുന്നു.

തുല്യരുടെ പോരാട്ടം

മത്സരത്തിന്റെ തുടക്കത്തില്‍ മുംബൈക്കായിരുന്നു ആധിപത്യം.ആദ്യ ആറുമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ട് കോര്‍ണറുകള്‍ നേടിയെടുക്കാന്‍ മുംബൈക്ക് സാധിച്ചു. പിന്നീട് പതിയേ ഗോവയും മത്സരത്തിലേക്ക് എത്തി. പക്ഷേ ഇരുടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല.

25-ാം മിനിട്ടില്‍ ഗോവയുടെ ഓര്‍ഗെ ഓര്‍ട്ടിസ് മുംബൈ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തൊട്ടുപിന്നാലെ ഒരു സുവര്‍ണാവസരം ഗോവയ്ക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. റണവാഡെയുടെ തകര്‍പ്പന്‍ ക്ലിയറന്‍സ് ഗോവയ്ക്ക് വിലങ്ങുതടിയായി.

പിന്നീട് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. 47-ാം മിനിട്ടില്‍ ഗോവയുടെ റൊമാരിയോ ജെസുരാജിന്‍റെ ദുര്‍ബലമായ ഷോട്ട് മുംബൈയുടെ പോസ്റ്റിലിടിച്ച് തെറിച്ചു. പിന്നാലെ ചില മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗോവ വിജയിച്ചു.

54-ാം മിനിട്ടില്‍ ഗോവയുടെ സേവ്യര്‍ ഗാമ ഇടതുകാലുകൊണ്ടൊരു ബുള്ളറ്റ് ഷോട്ടുതിര്‍ത്തെങ്കിലും അമരീന്ദര്‍ അത് തട്ടിയകറ്റി. 62-ാം മിനിട്ടില്‍ മുംബൈയുടെ ആദം ലേ ഫോണ്‍ഡ്രേയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും കൃത്യമായി അത് ക്ലിയര്‍ ചെയ്ത് ആദില്‍ ഖാന്‍ ഗോവയെ രക്ഷിച്ചു. തൊട്ടുപിന്നാലെ ഗോവയുടെ ഇഷാന്‍ പണ്ഡിതയുടെ ഹെഡ്ഡര്‍ അമരീന്ദര്‍ തട്ടിയകറ്റി.

മത്സരത്തില്‍ മുംബൈയ്ക്ക് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ നേടാന്‍ തീരെ സാധിച്ചില്ല. ഗോവയാണ് മുബൈ സിറ്റിയേക്കാള്‍ കൂടുതല്‍ ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തത്. മത്സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ജെയിംസ് ഡൊണാച്ചിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോള്‍വലയിലെത്തിക്കാന്‍ ഗോവയ്ക്ക് സാധിച്ചില്ല. ഇതോടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. മത്സരം അധികസമയത്തേക്ക് നീളുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios