മഡ്ഗാവ്: ഐഎസ്എല്‍ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ് സി സീസണിലെ രണ്ടാം ജയം കുറിച്ച് മടങ്ങിയപ്പോള്‍ കളിയിലെ താരമായത് ഇരട്ട ഗോളുമായി തിളങ്ങിയ പോള്‍ റാംഫാംഗ്സ്വാവ. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂബടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ ജയിച്ചു കയറിയത്.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഒഡീഷയെ രണ്ടു തവണ ഒപ്പമെത്തിച്ചത് പോളിന്‍റെ ഗോളുകളായിരുന്നു.  മത്സരത്തില്‍ 90 മിനിറ്റും ഒഡീഷക്കായി കളം നിറങ്ങു കളിച്ച പോള്‍ രണ്ട് ഗോളുകള്‍ നേടുകയും ഒരു അവസരം സൃഷ്ടിക്കുകയും ചെയ്ത് 9.77 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.

ഈ സീസണില്‍ ഒഡീഷ മധ്യനിരയില്‍ അരങ്ങേറ്റം കുറിച്ച 21കാരനായ പോള്‍ അഞ്ച് മത്സരങ്ങളിലാണ് ടീമിനായി ബൂട്ടുകെട്ടിയത്. ഇന്ന് നേടിയ രണ്ടു ഗോളാണ് പോളിസന്‍റെ സീസണിലെ നേട്ടം. മിസോറം സ്വദേശിയായ പോള്‍ ഐ ലീഗില്‍ ഐസ്‌വാള്‍ എഫ്‌സിക്കായി 15 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പോള്‍ അവിടെ നിന്നാണ് ഐഎസ്എല്ലില്‍ ഒഡീഷ ടീമിലെത്തുന്നത്. ഇന്ത്യക്ക് ഭാവിയില്‍ മധ്യനിരയില്‍ പ്രതീക്ഷവെക്കാവുന്ന താരം കൂടിയാണ് പോള്‍ റാംഫാംഗ്സ്വാവ.

Powered By