പനജി: ഇന്ത്യന്‍ ഫുട്ബോളിലെ പോരാട്ടങ്ങളുടെ പോരാട്ടമായ കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി മോഹന്‍ ബഗാന്‍ ജയവുമായി മടങ്ങിയപ്പോള്‍ താരമായത് എടികെ മിഡ്ഫീല്‍ഡറായ കാള്‍ മക്ഹഗ്. അയര്‍ലന്‍ഡില്‍ നിന്നുള്ള ഈ 27കാരനായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ബഗാന്‍റെ ആക്രമണങ്ങള്‍ നെയ്തെടുത്തത്.

ഇംഗ്ലീഷ് ക്ലബ്ബ് റീഡിംഗില്‍ കളിതുടങ്ങിയ മക്‌ഹഗ് കഴിഞ്ഞ സീസണിലാണ് എടികെയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളില്‍ മാത്രം കളിച്ച മക്‌ഹഗ് ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു. പതിനാറാം വയസില്‍ റീഡിംഗിലെത്തിയ മക്‌ഹഗ് 2012ല്‍ ബ്രാഡ്ഫോര്‍ഡ് സിറ്റിക്കുവേണ്ടിയാണ് പിന്നീട് ബൂട്ടണിഞ്ഞത്.

ആ വര്‍ഷം നവംബറില്‍ എഫ്എ കപ്പില്‍ നോര്‍ത്താംപ്ടണ്‍ ടൗണിനെതിരെ ബ്രാഡ്ഫോര്‍ഡിനായി വിജയഗോള്‍ നേടിയത് മക്‌ഹഗായിരുന്നു. ബഗാനിലെത്തുന്നതിന് മുമ്പ് 2016-മുതല്‍ 2019വരെ മദര്‍വെല്ലിലായിരുന്നു മക്‌ഹഗ്. കഴിഞ്ഞ സീസണില്‍ എടികെക്കായി അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി വരവറിയിച്ചെങ്കിലും പരിക്ക് വില്ലനായതോടെ ആറ് മത്സരങ്ങളില്‍ മാത്രമാണ് ബൂട്ടണിഞ്ഞത്.

Powered By