ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ബംഗളൂരു എഫ്‌സി മൂന്നാം സ്ഥാനത്ത്. ഇന്ന് ഒഡീഷ എഫ്‌സിയെ തോല്‍പ്പിച്ചതോടെയാണ് മുന്‍ ചാംപ്യന്മാരായ ബംഗളൂരു ആദ്യ മൂന്നിലെത്തിത്. ആറ് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ആറ് മത്സരങ്ങളില്‍ ഒരു  പോയിന്റ് മാത്രമുള്ള ഒഡീഷ 10ാം സ്ഥാനത്താണ്. സുനില്‍ ഛേത്രി, ക്ലെയ്റ്റണ്‍ സില്‍വ എന്നിവരാണ് ബംഗളൂരുവിന്റെ ഗോള്‍ നേടിയത്. സ്റ്റീവന്‍ ടെയ്‌ലറുടെ വകയായിരുന്നു ഒഡീഷയുടെ ഏകഗോള്‍.

38ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ഹര്‍മന്‍ജോത് ഖബ്രയുടെ ക്രോസില്‍ നിന്നായിരുന്നു. വലത് വിങ്ങില്‍ നിന്ന് ഖബ്ര ഒഡീഷ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് അതിമനോഹരമായി ഛേത്രി ഹെഡ് ചെയ്ത് ഗോളാക്കി. ഇതോടെ ഐഎസ്എല്ലില്‍ 50 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ചേത്രി.

എന്നാല്‍ 71ാം മിനിറ്റില്‍  ഒഡീഷ തിരിച്ചടിച്ചു. ജെറി മാവിമിങ്താങ്കയുടെ ഫ്രീകിക്കില്‍ കാലുവച്ചാണ് ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്‌ലര്‍ വലകുലുക്കിയത്. ബംഗളൂരുവിന്റെ മോശം പ്രതിരോധമാണ് ചതിച്ചത്. എട്ട് മിനിറ്റ് മാത്രമായിരുന്നു ഒഡീഷയുടെ ഗോള്‍ ആഘോഷത്തിന് ആയുസ്. ഡെഷോണ്‍ ബ്രൗണിന്റെ അസിസ്റ്റില്‍ സില്‍വ വല കുലുക്കി. ഇതോടെ ബംഗളൂരുവിന് വിലപ്പെട്ട മൂന്ന് പോയിന്റും. 

ആറ് മത്സരങ്ങളില്‍ മൂന്ന് വീതം ജയവും സമനിലയുമാണ് ബാംഗ്ലൂരിനുള്ളത്. ഒഡീഷയാവട്ടെ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.