പോയിന്റ് പട്ടികയില്‍ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിന് ശേഷവും ഇവാന്‍ വുകാമനോവിച്ചിന് മാറ്റമില്ല. പിഴവുകള്‍ കുറയ്ക്കുന്നതിലാകും രണ്ടാം ഘട്ടത്തില്‍ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു.

ഫറ്റോര്‍ഡ: വാചകമടിയില്‍ അല്ല കാര്യമെന്ന് തുടക്കം മുതലേ ഓര്‍മ്മിപ്പിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് (Ivan Vukomanovic). പോയിന്റ് പട്ടികയില്‍ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിന് ശേഷവും ഇവാന്‍ വുകാമനോവിച്ചിന് മാറ്റമില്ല. പിഴവുകള്‍ കുറയ്ക്കുന്നതിലാകും രണ്ടാം ഘട്ടത്തില്‍ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ആശങ്കയ്ക്കിടയില്‍ ജാഗ്രത വേണമെന്നും ബ്ലാസ്റ്റേഴ്‌സ് (Kerala Blastesrs) പരിശീലകന്‍.

ഈ മാസം ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. ഒഡീഷ എഫ് സി, മുംബൈ സിറ്റി, എടികെ മോഹന്‍ ബഗാന്‍, ബെംഗളുരു
എഫ്‌സി ടീമുകളാണ് അടുത്ത 20 ദിവസത്തിലെ എതിരാളികള്‍. അതേസമയം, ഐഎസ്എല്‍ പത്താം ആഴ്ചയിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ (Adrian Luna) സ്വന്തമാക്കി.

ഗോവയ്‌ക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ ഗോളിനാണ് അംഗീകാരം. ആരാധകര്‍ക്കിടയിലെ വോട്ടടെടുപ്പിലൂടെയാണ് പുരസ്‌കാരം തീരുമാനിക്കപ്പെട്ടത്. വോട്ടെടുപ്പില്‍ 91 ശതമാനം പേരുടെ പിന്തുണ ലൂണയ്ക്ക് കിട്ടി. ഗോവയുടെ എഡു ബെഡിയ, എടികെ മോഹന്‍ ബഗാന്റെ ഡേവിഡ് വില്യംസ്, മുംബൈ സിറ്റിയുടെ അഹമ്മദ് ജാഹു, ഒഡിഷയുടെ ജെറി മാവിംഗ്താംഗ എന്നിവരെയാണ് ലൂണ പിന്തള്ളിയത്. 

നേരത്തെ എട്ടാം ആഴ്ചയിലും മികച്ച ഗോളിനുള്ള പുരസ്‌കാരം ലൂണ നേടിയിരുന്നു. ഇന്നലെ തോല്‍വിയറിയാതെ തുടര്‍ച്ചയായി ഒന്‍പതാം മത്സരമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ഇനി ബുധനാഴ്ച ഒഡീഷക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം.