ആറ് മത്സരങ്ങളില്‍ ഒഡിഷയ്ക്ക് ഒമ്പതും ഗോവയ്ക്ക് ഏഴും പോയിന്റാണുള്ളത്. ഒഡിഷ ഏഴാം സ്ഥാനത്തും ഗോവ എട്ടാമതുമാണ്. രാത്രി 7.30നാണ് മത്സരം.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021) വിജയവഴിയില്‍ തിരിച്ചെത്താന്‍ ഒഡീഷ എഫ്‌സി (Odisha FC) ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ (FC Goa) ഇറങ്ങും. തുടരെ രണ്ട് തോല്‍വി വഴങ്ങിയാണ് ഒഡിഷ എത്തുന്നതെങ്കില്‍ തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഗോവ നടത്തുന്നത്. ആറ് മത്സരങ്ങളില്‍ ഒഡിഷയ്ക്ക് ഒമ്പതും ഗോവയ്ക്ക് ഏഴും പോയിന്റാണുള്ളത്. ഒഡിഷ ഏഴാം സ്ഥാനത്തും ഗോവ എട്ടാമതുമാണ്. രാത്രി 7.30നാണ് മത്സരം.

ഗോവയുടെ പരിശീലകനായിരുന്നു യുവാന്‍ ഫെറാന്‍ഡോ ടീം വിട്ട ശേഷം അവരുടെ ആദ്യ മത്സരമാണിത്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 23 കോച്ച് ഡെറിക് പെരേരയ്ക്കാണ് ഇനി ഗോവന്‍ ടീമിന്റെ ചുമതല. നേരത്തെ, ഗോവയുടെ തന്നെ ഇടക്കാല കോച്ചായും അസിസ്റ്റന്റ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്്. 

എടികെ മോഹന്‍ ബഗാനിലേക്കാണ് ഫെറാന്‍ഡോ പോയത്. ആദ്യ സീസണില്‍ ഗോവ ഫെറാന്‍ഡോയുടെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടീമിനെ സെമി ഫൈനലിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഈ സീസണ്‍ നല്ല രീതിയിലല്ല ഫെറാന്‍ഡോ ആരംഭിച്ചത്.

അതേസമയം ഇന്നലെ നടന്ന ഈസ്റ്റ് ബംഗാള്‍- ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യം ഗോള്‍ നേടിയിട്ടും ഈസ്റ്റ് ബംഗാള്‍, ഹൈദരാബാദ് എഫ് സിയോട് സമനില വഴങ്ങുകയായിരുന്നു. ഇരുവരും ഓരോ ഗോള്‍ വീത നേടി. 

ഏഴ് കളിയില്‍ മൂന്നാം ജയം നേടിയ ഹൈദരാബാദ് 12 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതേപോയിന്റാണെങ്കിലും ഗോള്‍ശരാശരിയില്‍ ജംഷെഡ്പൂര്‍ മൂന്നും കേരള ബ്ലാസ്റ്റേഴ്‌സ് നാലും സ്ഥാനത്താണ്. സീസണില്‍ ഇതുവരെ ജയിക്കാത്ത ഏക ടീമായ ഈസ്റ്റ് ബംഗാള്‍ നാല് പോയിന്റുമായി അവസാന സ്ഥാനത്തും.