13 ദിവസമായി ഐസോലേഷനിലാണ്. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടില്ല. ഇതില്‍ നിരാശനും അസ്വസ്ഥനും ആണെന്ന് വുകോമനോവിച്ച് ട്വീറ്റ് ചെയ്തു.

ഫറ്റോര്‍ഡ: കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic). 13 ദിവസമായി ഐസോലേഷനിലാണ്. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടില്ല. ഇതില്‍ നിരാശനും അസ്വസ്ഥനും ആണെന്ന് വുകോമനോവിച്ച് ട്വീറ്റ് ചെയ്തു. നൂറുകണക്കിന് ആരാധകരാണ് കോച്ചിന് സൗഖ്യം ആശംസിച്ച് കമന്റിട്ടത്. 

ഈ മാസം 30ന് ബെംഗളുരു എഫ്‌സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ രണ്ട് മത്സരങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. നിലവില്‍ 11 മത്സരങ്ങളില്‍ 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. 

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ അനായാസം കിരീടത്തിലെത്താന്‍ കഴിയുമെന്ന് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷാട്ടോറി. മുംബൈ സിറ്റിയുംഎടികെ മോഹന്‍ ബഗാനും പതിവ് നിലവാരത്തിലേക്ക് ഉയരുന്നില്ലെന്നും ഷാട്ടോറി ട്വിറ്ററില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്‌സിന് കിരീടസാധ്യത കുറവാണെന്ന് സീസണിന്റെ ആദ്യ ഘട്ടത്തില്‍ ഷാട്ടോരി ട്വീറ്റ് ചെയ്തിരുന്നു.

2019, 20 സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഷാട്ടോരി ആരാധകര്‍ക്കിടയില്‍ സ്വീകാര്യന്‍ ആയിരുന്നെങ്കിലും ക്ലബ്ബ് കരാര്‍ നീട്ടിയിരുന്നില്ല.