മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റഴ്‌സിനും ഏറ്റവും പിന്നിലായി പതിനൊന്നാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ലക്ഷ്യം വിജയവഴിയില്‍ തിരിച്ചെത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേ്‌സ് (Kerala Blasters) ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് (North East United) ബ്ലാസ്റ്റേഴ്‌സ് നേരിടുക. മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റഴ്‌സിനും ഏറ്റവും പിന്നിലായി പതിനൊന്നാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ലക്ഷ്യം വിജയവഴിയില്‍ തിരിച്ചെത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. 

തോല്‍വി അറിയാത്ത 10 മത്സരങ്ങള്‍ക്ക് ശേഷമെത്തിയ കൊവിഡില്‍ കൊമ്പന്മാര്‍ ഉലഞ്ഞു. ബംഗളുരുവിനെതിരായ ഒറ്റഗോള്‍ തോല്‍വിയിലും പരിക്കൊന്നുമില്ലാതെ താരങ്ങള്‍ തിരിച്ചുകയറിയതില്‍ കോച്ചിന് ആശ്വാസം. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടം മുറുകുമ്പോള്‍ രണ്ടാംസ്ഥാനത്തേക്ക് ഉയരാനുളള അവസരമവുമുണ്ട് മഞ്ഞപ്പടയ്ക്ക്. 

ഹൈദരാബാദിനെതിരെ അഞ്ച് ഗോളിന് നാണംകെട്ടതിന്റെ ആഘാതത്തിലാകും ഹൈലന്‍ഡേഴ്‌സ്. കഴിഞ്ഞ നാല് കളിയില്‍ കളിക്കാതിരുന്ന ഡെഷോണ്‍ ബ്രൗണ്‍ തിരിച്ചെത്തുന്നതോടെ ഗോളുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്നാണ് ഖാലിദ് ജമിലിന്റെ പ്രതീക്ഷ. മികച്ച പ്രകടനം തുടരുന്ന വി പി സുഹൈര്‍ അടക്കം മലയാളിതാരങ്ങളെയും നോര്‍ത്ത് ഈസ്റ്റ് ടീമില്‍ പ്രതീക്ഷിക്കാം.

നവംബറിലെ നേര്‍ക്കുനേര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ആണ് അവസാനിച്ചത്. ഇന്നലെ എടികെ മോഹന്‍ ബഗാന്‍- മുംബൈ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് ഇരുടീമുകളും പാഴാക്കിയത്.

12 കളിയില്‍ 20 പോയിന്റുള്ള എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തും 13 കളിയില്‍ 19 പോയിന്റുളള മുംബൈ സിറ്റി ആറാം സ്ഥാനത്തുമാണ്.