ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. ആറ് മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഒഡീഷയ്ക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നോര്‍ത്ത് ഈസ്റ്റാവട്ടെ അപരാജിത കുതിപ്പിന് അവസാനമായതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളും തോറ്റ ഒഡീഷ അവസാന സ്ഥാനത്താണ്.

ആദ്യപകുതിയില്‍ തന്നെ 7 ഗോളുകള്‍ വഴങ്ങിയ ഒഡീഷയ്ക്ക് ആക്രമണത്തിലും എടുത്തുപറയാന്‍ നേട്ടങ്ങളില്ല. അക്കൗണ്ടില്‍ മൂന്ന് ഗോള്‍ മാത്രം. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ലീഗില്‍ ഏറ്റവും പിന്നിലാണ് ഒഡീഷ. മുംബൈക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഗോളി കമല്‍ജിത്ത് സിംഗും മാഴ്‌സലീഞ്ഞോയും  ശാരീരികക്ഷമത വീണ്ടെടുത്തോയെന്ന് വ്യക്തമല്ല.

നോര്‍ത്ത് ഈസ്റ്റ് പരിശീലകന് താരങ്ങളുടെ ഫിറ്റ്‌ന്‌സിനെ കുറിച്ചൊന്നും ആശങ്കയില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ശേഷം കാലിടറിയത് ആവര്‍ത്തിക്കരുതെന്ന വാശിയുണ്ട്. നന്നായി തുടങ്ങിയതിനാല്‍ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റ് നേടാനായി.

എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ഗോള്‍ നേടാനായില്ല. തുടക്കം മുതല്‍ ഗോള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് നോര്‍ത്ത് ഈസ്റ്റ് പരിശീകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.