ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിയുടെ ആദ്യ ജയത്തില്‍ താരമായി സുരേഷ് സിംഗ് വാങ്ജം. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി കളിക്കുന്ന താരം പലപ്പോഴും മധ്യനിരയില്‍ കളി മെനഞ്ഞു. 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ടീമിന്റെ കരുത്തായിരുന്നു വാങ്ജം. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിലെത്തിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

മത്സരത്തില്‍ 84.6 ശതമാനം പാസുകള്‍ പൂര്‍ത്തിയാക്കാന്‍ വാങ്ജത്തിന് സാധിച്ചു. രണ്ട് ലോംഗ് ബോളുകളും താരം നല്‍കി. 20കാരനായ വാങ്ജം. കഴിഞ്ഞ സീസണിലാണ് ബംഗളൂരു എഫ്‌സിയിലെത്തുന്നത്. ബംഗളൂരുവിനായി ഇതുവരെ 13 മത്സരങ്ങള്‍ കളിച്ചു. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു വാങ്ജം. ഇന്ത്യന്‍ ആരോസിന്റെ ജേഴ്‌സില്‍ 30 തവണ വാങ്ജമുണ്ടായിരുന്നു.  

ഇന്ന് ചെന്നൈയിനെതാരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. 56ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സുനില്‍ ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് ഛേത്രി ഗോളാക്കി മാറ്റിയത്.