കാസര്‍കോട്: ഓട്ടൻതുള്ളൽ കലാകാരനായ കുറിച്ചിത്താനം ജയകുമാറിന് കലോത്സവ വേദിയുമായുള്ള ബന്ധം തുടങ്ങുന്നത് 28 വർഷം മുമ്പ് കാസർകോട് നിന്നാണ്. വർഷങ്ങൾക്ക് ഇപ്പുറം കാസർകോട്ടേക്ക് ജയകുമാർ മടങ്ങിയെത്തിയത് ഗിന്നസ് റെക്കോർഡിന്റെ പത്തരമാറ്റു തിളക്കത്തോടെയാണ്. തുടർച്ചയായി 24 മണിക്കൂർ തുള്ളൽ അവതരിപ്പിച്ചു കഴിഞ്ഞ 13നാണ് ജയകുമാർ ഗിന്നസ് റെക്കോർഡ് നേടിയത്.

ഓട്ടന്തുള്ളൽ ഉപാസനയാക്കിയ ജയകുമാർ ആശാന് ഈ കലോത്സവം ഓര്മകളുടെ വീണ്ടെടുപ്പാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു ഒമ്പതാം ക്ലാസ്സുകാരൻ ആദ്യമായി കലോത്സവ വേദിയിലേക്ക് എത്തിയതും, സ്റ്റേജിലേക്ക് കയറാൻ സമയമായിട്ടും അച്ഛനെ കാത്തിരുന്നതും എല്ലാം ജയകുമാര്‍ ആശാന്‍ ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍മ്മിക്കുന്നു.

അന്നത്തെ മത്സരാർത്ഥി പിന്നെ ആശാനായി. ഇപ്പോൾ ഗിന്നസ് റെക്കോർഡ് ജേതാവുമായി. ജയകുമാര്‍ ആശാന്‍ പഠിപ്പിച്ച മൂന്ന് കുട്ടികൾക്കും ഇത്തവണ എ ഗ്രേയ്ഡ് ഉണ്ട്. അങ്ങനെ, ഓട്ടന്‍തുള്ളലിനായി ജീവിതം ഉഴിഞ്ഞുവച്ച ജയകുമാർ ആശാന്റെ പാരമ്പര്യം ശിഷ്യരിലൂടെ തലമുറകളിലേക്കും വ്യാപിക്കുകയാണ്.