കോന്നി: ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം കണ്ട മത്സരങ്ങളിലൊന്നായിരുന്നു കോന്നിയിലേത്. അക്ഷരാര്‍ത്ഥത്തില്‍ തൃകോണ മത്സരമെന്ന പ്രതീതി മണ്ഡലത്തിലുണ്ടാക്കിയത് കെ സുരേന്ദ്രന്‍റെ സാന്നിധ്യമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രബലനായ നേതാവ്, ശബരിമല പ്രക്ഷോഭത്തില്‍ ജയില്‍വാസമനുഷ്ഠിച്ചതിന്‍റെ വീറുമായി സുരേന്ദ്രനെത്തിയപ്പോള്‍ കോന്നിയില്‍ തെരഞ്ഞെടുപ്പ് ചൂടും വര്‍ധിച്ചു. എല്ലാം കഴിഞ്ഞ്, കൂട്ടിക്കിഴിക്കലുകളെല്ലാം കഴിയുമ്പോള്‍ മൂന്നാം സ്ഥാനവുമായാണ് സുരേന്ദ്രന്‍ മടങ്ങുന്നത്.

അങ്ങനെ തോറ്റമ്പി, വെറുതേയങ്ങ് പോകുമെന്ന് കരുതുന്നവര്‍ക്ക് തെറ്റുമെന്നാണ് സുരേന്ദ്രനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.  കോന്നിയില്‍ വലിയ പോരാട്ടങ്ങള്‍ക്ക് ശേഷിയുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകരും. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ബിജെപിക്ക് വേണ്ടി ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലായി സുരേന്ദ്രന്‍ പുറത്തെടുത്തിരിക്കുന്നത്. പണ്ട് മഞ്ചേശ്വരത്ത് പുറത്തെടുത്ത 'പ്ലാന്‍ ബി' യുമായി സുരേന്ദ്രന്‍ മടങ്ങുവരുമെന്നാണ് വ്യക്തമാകുന്നത്.

കേരളത്തില്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലം അറിയപ്പെടുന്നത്. 2006 ലെ തെരഞ്ഞെടുപ്പില്‍ നാരായണഭട്ട് ബിജെപിക്ക് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2011 ആയപ്പോള്‍ യുവമോര്‍ച്ചയുടെ നേതൃസ്ഥാനത്ത് നിന്നും സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പോരാട്ടത്തിനെത്തി. നാരയണഭട്ടിനെക്കാള്‍ അയ്യായിരത്തോളം വോട്ട് നേടിയ സുരേന്ദ്രന്‍ അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് അബ്ദുള്‍ റസാഖിന് മുന്നില്‍ പരാജയം സമ്മതിച്ചത്. കപ്പിനും ചുണ്ടിനുമിടയില്‍ വലിയ സാധ്യത ബാക്കിയാണെന്ന് തിരിച്ചറിഞ്ഞ സുരേന്ദ്രന്‍റെ പിന്നീടുള്ള ചുവടുകള്‍ 2016 ലക്ഷ്യം വച്ചായിരുന്നു. ആ 'പ്ലാന്‍ ബി' 2016 ല്‍ 89 വോട്ടുകളുടെ അകലത്തില്‍ മാത്രമാണ് നഷ്ടമായതെന്നത് ചരിത്രം. സുന്ദരയെന്ന അപരന്‍ 487 വോട്ടുകള്‍ കൊണ്ടുപോയതോര്‍ത്ത് ഇപ്പോഴും സുരേന്ദ്രന്‍ വിലപിക്കുന്നുണ്ടാകും.

മഞ്ചേശ്വരത്തെ 'പ്ലാന്‍ ബി'

2011 ല്‍ അബ്ദുള്‍ റസാഖ് 49817 വോട്ടുകള്‍ നേടിയപ്പോള്‍ സുരേന്ദ്രന്‍ 43989 വോട്ടുകളുമായാണ് രണ്ടാമതെത്തിയത്. അങ്ങനെ കേരളത്തിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി മഞ്ചേശ്വരം മാറി. മണ്ഡലത്തിലെ സാധ്യത തിരിച്ചറിഞ്ഞ സുരേന്ദ്രന്‍ ബിജെപിക്കും ഒരു പിടി മേലെ പ്രവര്‍ത്തനങ്ങളുമായി പിന്നീട് മുന്നോട്ട് പോയി. മഞ്ചേശ്വരത്ത് വീടെടുത്ത് താമസം തുടങ്ങി മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി. കന്നഡ ഭാഷ പഠിച്ച്, വേദികളില്‍ പ്രസംഗിച്ച് കയ്യടി നേടി. മഞ്ചേശ്വരത്തുകാരന്‍ എന്ന ഇമേജും ഉണ്ടാക്കിയെടുത്താണ് 2016 ല്‍ ഗോദയിലിറങ്ങിയത്. കപ്പിനും ചുണ്ടിനുമിടയിലെ എൺപത്തൊന്പതെന്ന അകലത്തില്‍ വിജയം നഷ്ടമായെങ്കിലും 2016 ല്‍ കേരളത്തില്‍ ബിജെപിയുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം അതായിരുന്നു.

കോന്നിയിലും 'പ്ലാന്‍ ബി'

മഞ്ചേശ്വരത്തെ അതേ രീതിയിലുള്ള പ്രവര്‍ത്തനം കോന്നിയില്‍ നടത്താനുള്ള നീക്കത്തിലാണ് സുരേന്ദ്രനെന്നാണ് വ്യക്തമാകുന്നത്. തോറ്റ് മടങ്ങുമ്പോള്‍ കൈവീശി കാണിക്കുന്നതിനൊപ്പം അടുത്ത തവണ കാണാം എന്നും സുരേന്ദ്രന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. കോന്നിയിൽ വീടെടുക്കാൻ സുരേന്ദ്രൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ദിവസം  മണ്ഡലത്തില്‍ ഉണ്ടാകുമെന്നാണ് സുരേന്ദ്രനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രവര്‍ത്തകര്‍ സുരേന്ദ്രനായി വീട് നോക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോന്നിയില്‍ ബിജെപി കാണുന്ന സാധ്യത

വീറും വാശിയും നിറഞ്ഞുനിന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനമെങ്കിലും ലഭിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. ഫലം വന്നപ്പോള്‍ നിരാശയാണെങ്കിലും കോന്നിയിലെ പ്രകടനം മോശമായില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാണ് കോന്നിയില്‍ ബിജെപി എറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് നാല്‍പത്തിയാറായിരം വോട്ടുകളാണ് ഇതേ സുരേന്ദ്രന്‍ തന്നെ നേടിയത്. ശബരിമല വിഷയമടക്കം കത്തിനിന്ന തെരഞ്ഞെടുപ്പില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ നാല്‍പതിനായിലത്തോളം വോട്ടുകള്‍ നിലനിര്‍ത്താന്‍ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെയാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ മുന്‍നിരയിലേക്ക് കോന്നിയും ഇടംപിടിക്കുന്നത്. പതിനയ്യായിരത്തോളം വോട്ടുകള്‍ മാത്രം ബിജെപിക്കുണ്ടായിരുന്ന മണ്ഡലത്തിലാണ് സുരേന്ദ്രന്‍ നാല്‍പ്പതിനായിരം പാര്‍ട്ടിക്ക് സമ്മാനിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായും യോഗി ആദിത്യനാഥുമൊക്കെ കളത്തിലെത്തി കാടിളക്കിയെങ്കില്‍, ഇക്കുറി ചിട്ടയുള്ള പ്രവര്‍ത്തനമായിരുന്നു സുരേന്ദ്രന്‍റെ കൈമുതല്‍. അടിത്തട്ടില്‍ ബിജെപിയുടെ സംഘടനാശേഷി വളര്‍ത്തിയെടുക്കാന്‍ സുരേന്ദ്രന്‍റെ സാന്നിധ്യത്തിന് സാധിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലൂന്നിയായിരുന്നു ഇക്കുറി പ്രവര്‍ത്തനമെങ്കിലും വികസനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാന്‍ സുരേന്ദ്രന്‍ മറന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തീരെ സാധ്യതയില്ലാത്തതുകൊണ്ടാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി ഇരുപതിനായിരത്തിലേറെ വോട്ട് നേടാനായെന്ന് സുരേന്ദ്രന്‍ തന്നെ പറയുന്നതിന് പിന്നിലെ ലക്ഷ്യവും വ്യക്തമാണ്. എന്തായാലും അടുത്ത തവണ കാണാം എന്ന് പറഞ്ഞ് കൈവീശി കാണിച്ച് മടങ്ങിയ സുരേന്ദ്രന്‍ 2021 ലേക്ക് കണ്ണുവച്ചെന്നുറപ്പ്.