Asianet News MalayalamAsianet News Malayalam

കോന്നിയില്‍ അട്ടിമറി: 23 വര്‍ഷത്തിന് ശേഷം മണ്ഡലം തിരികെ പിടിച്ച് ഇടതുപക്ഷം

കോന്നിയിലെ പരാജയം കോണ്‍ഗ്രസിനുള്ളില്‍ ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യം ഉറപ്പാണ് ഇതോടൊപ്പം എന്‍എസ്എസിന്‍റെ പിന്തുണ വിപരീതഫലം ചെയ്തോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നു. 

LDF won konni seat in by election
Author
Konni, First Published Oct 24, 2019, 1:11 PM IST

പത്തനംതിട്ട: ശരിദൂര നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിന് വേണ്ടി പരസ്യമായി കളത്തിലിറങ്ങിയ എൻഎൻഎസിന് കനത്ത തിരിച്ചടി നല്‍കി കോന്നിയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. 1996 മുതല്‍ 23 വര്‍ഷമായി അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് കൈയടക്കി വച്ച കോന്നി മണ്ഡലം യുവനേതാവ് കെയു ജനീഷ് കുമാറിലൂടെയാണ് ഇടതുപക്ഷം തിരിച്ചു പിടിച്ചത്. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രന്‍ എത്തിയതോടെ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലത്തില്‍ 54099 വോട്ടുകളാണ് ജനീഷ് കുമാര്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ്  44146 വോട്ടുകള്‍ നേടി രണ്ടാമതായി. ജനീഷ് കുമാറിന് 9953 വോട്ടുകളുടെ ഭൂരിപക്ഷം. അതിശക്തമായ പ്രചാരണം നടത്തി ഇരുമുന്നണികളേയും ഞെട്ടിപ്പിച്ച കെ.സുരേന്ദ്രന്‍ 39786 വോട്ടുകള്‍ നേടി.

കോന്നിയിലെ പരാജയം കോണ്‍ഗ്രസിനുള്ളില്‍ ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യം ഉറപ്പാണ്. ആറ്റിങ്ങല്‍ എംപിയായി ജയിച്ചതിനെ തുടര്‍ന്ന് കോന്നി എംല്‍എ സ്ഥാനം രാജിവച്ച അടൂര്‍ പ്രകാശ് തന്‍റെ അടുത്ത അനുയായിയായ റോബിന്‍ പീറ്ററെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉടനീളം റോബിന്‍ പീറ്ററിനായി അടൂര്‍ പ്രകാശ് വാദിച്ചെങ്കിലും എന്‍എസ്എസിന് കൂടി സ്വീകാര്യനായ പി.മോഹന്‍രാജിനെയാണ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. 

ഇതേ തുടര്‍ന്ന് കോന്നിയിലെ കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറിയുണ്ടായി. നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് അടൂര്‍ പ്രകാശ് എത്തിയെങ്കിലും തന്‍റെ അതൃപ്തി അദ്ദേഹം മറച്ചു വച്ചില്ല. പ്രചാരണത്തില്‍ ഉടനീളം അടൂര്‍ പ്രകാശിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തില്‍ സജീവമല്ലായിരുന്നു. കൊട്ടിക്കലാശത്തിന് അടൂര്‍ പ്രകാശ് ദില്ലിക്ക് പോയതും വലിയ ചര്‍ച്ചയായി. എല്ലാത്തിനും ഒടുവില്‍ കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസ് കൊണ്ടു നടന്ന കോന്നി മണ്ഡലം കൈവിട്ടു പോയതോടെ സ്വഭാവികമായും ഇനി പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാവും ഉണ്ടാവുക. 

കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങളോടൊപ്പം തന്നെ എന്‍എസ്എസ് നല്‍കിയ തുറന്ന പിന്തുണ വിപരീതഫലം ചെയ്തുവോ എന്ന സംശയവും കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും പ്രകടിപ്പിച്ചു തുടങ്ങി. ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു എന്നാരോപിച്ചാണ് എന്‍എസ്എസ് സമദൂരം വിട്ട് ശരിദൂരം എന്ന നയം പ്രഖ്യാപിച്ചത്. എല്‍ഡിഎഫിനേയും ബിജെപിയേയും ഞെട്ടിച്ച് വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് വിജയത്തിനായി എന്‍എസ്എസ് നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍ എന്‍എസ്എസിന്‍റെ ഈ അമിതോത്സാഹം ഇതരസമുദായങ്ങളേയും മതസ്ഥരേയും യുഡിഎഫില്‍ നിന്നും അകറ്റിയോ എന്ന സംശയമാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വം പ്രകടിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios