കോന്നി:പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ മത-സാമുദായിക വോട്ടുറപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കോന്നി മണ്ഡലത്തിലെ മുന്നണികൾ. നായർ, ഈഴവ വോട്ടുകൾക്കൊപ്പം തെരഞ്ഞെടുപ്പ്  ഫലത്തിൽ നിർണ്ണായകമായ ക്രൈസ്തവ വോട്ടുകളും അനുകൂലമാക്കാൻ ഉദ്ദേശിച്ചാണ് പ്രചാരണം. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ വീണ്ടും ഓര്‍ത്ത്ഡോക്സ് ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയെ കണ്ടു.

കോന്നിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തുടങ്ങി സഭാ തർക്കത്തിൽ യുഡിഎഫ് കൺവീനറുടെ നിലപാടിൽ വരെ അതൃപ്തരായ
ഓർത്ത്ഡോക്സ് വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ വീട് കയറി പ്രചാരണം നടത്തുകയാണ് യുഡിഎഫ്.  ഭൂരിപക്ഷം നായർ വോട്ടുകൾ പി മോഹൻരാജിന് അനുകൂലമായി പോൾ ചെയ്യപ്പെടുമെന്ന പ്രതീക്ഷയും കോൺ​ഗ്രസിനുണ്ട്. യുഡിഎഫ് സ്ഥാനാ‌ർത്ഥിയുടെ പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കോന്നിയിലെത്തിയിരുന്നു.

എൻഎസ്എസ് നേതൃത്വത്തിന്റെ ശരിദൂരത്തെ പ്രാദേശിക എൻഎസ്എസ് ഭാരവാഹികളുടെ പിന്തുണയോടെ അനുകൂലമാക്കാമെന്നാണ് ബിജെപിയും കണക്ക് കൂട്ടുന്നത്. കരയോഗങ്ങൾ കേന്ദ്രീകരിച്ചാണ് ബിജെപി സ്ഥാനാ‌ർത്ഥി കെ സുരേന്ദ്രനായുള്ള പ്രചാരണം.ബിജെപി അനുകൂല നിലപാട് എടുക്കുന്ന ഓർത്ത്ഡോക്സ് അംഗങ്ങളുടെ പിന്തുണയോടെ പള്ളി കമ്മിറ്റികളും വീടുകളും കേന്ദ്രീകരിച്ചും പ്രചാരണം തകൃതിയാണ്.

പിന്തുണ തേടി നേതാക്കൾ നിരന്തരം സഭാ നേതൃത്വത്തെ സമീപിക്കുകയും ചെയ്യുന്നുണ്ട്. ബിഡിജെഎസ് വഴി ഈഴവ വോട്ടിലും ബിജെപിക്ക് പ്രതീക്ഷ വയ്ക്കുന്നു.  മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ മത ന്യൂന പക്ഷ വിഭാ​ഗങ്ങളുടെ വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നും ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

എൻഎസ്എസിന്റെ ശരിദൂര നിലപാടിൽ ശരികേട് ആരോപിക്കുന്ന ഇടത് മുന്നണി  ആ പ്രഖ്യാപനം ഫലത്തിൽ പ്രതിഫലിക്കില്ലെന്ന നിലപാടിലാണ്. ഇടത് മുന്നണി ഒരു സമുദായത്തിനും സമുദായസംഘടനക്കും എതിരല്ലെന്ന നിലപാടും എൽഡിഎഫ് പങ്കു വയ്ക്കുന്നു. എന്നാൽ
കൂട്ടത്തിൽ കൂടുതലുള്ള ഈഴവ വോട്ട് ബാങ്കിൽ ശ്രദ്ധയൂന്നാനുള്ള ശ്രമങ്ങൾ ഇടത് മുന്നണി നടത്തുന്നുമുണ്ട്. സഭാതർക്കത്തിൽ സർക്കാർ എടുത്ത നടപടി ചൂണ്ടിക്കാട്ടി ഓർത്ത്ഡോക്സ് വോട്ട് ലക്ഷ്യമിട്ട് വീട് കയറി പ്രചാരണവും സജീവമാണ്. മന്ത്രിസഭാ പ്രാതിനിധ്യം അടക്കമുള്ള വാഗ്ദാനങ്ങളും എൽ‍ഡിഎഫ് മുന്നോട്ടു വയ്ക്കുന്നു.

ചുരുക്കത്തിൽ കാടിളക്കിയുള്ള പ്രചാരണ കാഴ്ചകൾക്ക് അപ്പുറം താഴെത്തട്ടിലെ ചിട്ടയായ പ്രവർത്തനത്തിലാണ് എൽഡിഎഫും ബിജെപിയും ശ്രദ്ധയൂന്നുന്നത്. അടൂർ പ്രകാശിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കി സംഘടനാ തലത്തിൽ മുന്നേറാനാണ് യുഡിഎഫ് ശ്രമം