അരൂർ: ടെലിവിഷൻ വാർത്താ ചർച്ചകളിൽ കോൺഗ്രസിന്‍റെ പ്രതിനിധിയായി ഷാനിമോൾ ഉസ്മാനെത്തുമ്പോൾ അതിനൊരു സമഗ്രതയുണ്ടാകാറുണ്ട്. വിഷയത്തെക്കുറിച്ച് പഠിച്ച് തന്നെയാണ് അവർ ചർച്ചകൾക്ക് വന്നിരിക്കാറ്. പെട്ടെന്ന് നേതൃനിരയിൽ എത്തിയ നേതാവല്ല അവർ. താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ച് പരിചയമുണ്ട്. പോരാടി ഉയർന്ന് കയറി വന്ന നേതാവാണ്. 

കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ പലതും സ്ത്രീകളെ ചാവേറുകളായി മാത്രമായാണ് കണക്കാക്കാറ്. പക്ഷേ, അവിടെ നിന്ന് പൊരുതി ജനങ്ങൾക്കിടയിൽ മത്സരിക്കാൻ എത്ര സ്ത്രീകൾ തയ്യാറാകാറുണ്ട്? കേരളം കണ്ട ഏറ്റവും ശ്രദ്ധേയങ്ങളായ സ്ത്രീസാന്നിധ്യങ്ങളെല്ലാം ഏറെ വെല്ലുവിളികളെ നേരിട്ട് മുന്നേറി വന്നവരാണ്.

അതിലൊരാളായി കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിത കൂടിയായ ഷാനിമോൾ ഉസ്മാനെ തീർച്ചയായും അടയാളപ്പെടുത്താം. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റിൽ നിന്ന് എൻഎസ്‍യുവിലേക്കും അവിടെ നിന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്തിലും നഗരസഭയിലും പ്രവർത്തിച്ച ശേഷം മഹിളാ കോൺഗ്രസിലേക്കും കെപിസിസിയിലേക്കും എത്തി ഷാനിമോൾ. 90-കളിൽ കെഎസ്‍യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ ഷാനിമോൾ ഉസ്മാന് 2006-ൽ മാത്രമാണ് പാർട്ടി ഒരു സീറ്റ് നൽകുന്നത്. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യം കോൺഗ്രസ് മത്സരത്തിനിറക്കുന്നത്. അന്ന് സാജു പോളിനോട് ഷാനിമോൾ തോറ്റെങ്കിലും 42 ശതമാനത്തോളം വോട്ട് പിടിച്ചു. അതായിരുന്നു ഷാനിമോളുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് നേട്ടം. 

അതിന് ശേഷം പക്ഷേ വീണ്ടുമൊരു സീറ്റ് ലബ്‍ധിക്ക് ഷാനിമോൾക്ക് പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു. 2011-ൽ ഷാനിമോൾക്ക് സീറ്റ് കിട്ടിയില്ല. 2016-ൽ പക്ഷേ ഒറ്റപ്പാലത്താണ് ഷാനിമോൾക്ക് വീണ്ടും സീറ്റ് നൽകുന്നത്. അവിടെയും എൽഡിഎഫിന്‍റെ പി ഉണ്ണിയോട് ഷാനിമോൾ തോറ്റു.

പക്ഷേ, മികച്ച പ്രതിച്ഛായയുള്ള ഷാനിമോളെ പിന്നീട് അങ്ങനെ കൈയൊഴിയാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. അഴിമതി രഹിതയെന്ന മേൽവിലാസം, മികച്ച പ്രാസംഗിക - അങ്ങനെ നല്ല ഇമേജുള്ള ഷാനിമോളെ ഇത്തിരി കനപ്പെട്ട ജോലി തന്നെ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഏൽപിച്ചു. 53 വർഷത്തെ ഇടത് കോട്ടയെന്ന ഖ്യാതിയുള്ള അരൂരിൽ നിന്ന് ആലപ്പുഴയുടെ എംപിയാകാനെത്തിയ എ എം ആരിഫിനെ തോൽപിക്കുക. 

അപ്രായോഗികമെന്ന് പലപ്പോഴും തോന്നിയെങ്കിലും ശബരിമല തരംഗത്തിൽ എൽഡിഎഫ് തകർന്നടിഞ്ഞു. 19 മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ച് കയറി. പക്ഷേ, ഒരു മണ്ഡലത്തിൽ മാത്രം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയായിരുന്നു. ഫോട്ടോ ഫിനിഷായി ആലപ്പുഴ. ആരിഫിന്‍റെ കോട്ടയായ മേഖലകളിൽ ഷാനിമോൾ കടന്ന് കയറി. ഒടുവിൽ ചെറിയ ഭൂരിപക്ഷത്തിന് ഷാനിമോൾ തോറ്റെങ്കിലും ഒരു നേട്ടവും കൊണ്ടാണ് പോയത്. സ്വന്തം മണ്ഡലമായ അരൂരിൽ ആരിഫിനേക്കാൾ കൂടുതൽ വോട്ട് നേടി ഷാനിമോൾ. 

ഇത് മാത്രം കണക്കിലെടുത്താണ് ഷാനിമോളെ യുഡിഎഫ് കളത്തിലിറക്കിയത്. അത് ഫലിച്ചുവെന്ന് വ്യക്തം. ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും, വീണ്ടും മത്സരിച്ച ഷാനിമോൾ മണ്ഡലം തിരിച്ച് പിടിച്ചിരിക്കുന്നു. എൽഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളിൽ കൂടി കടന്നു കയറിയാണ് ഈ വോട്ടുകൾ ഷാനിമോൾ നേടിയിരിക്കുന്നത് എന്നത്, 53 വർഷത്തിന് ശേഷം മണ്ഡലം നഷ്ടമായ എൽഡിഎഫിന് കൂടുതൽ തിരിച്ചടി നൽകുന്നു, ഷാനിമോളുടെ വിജയത്തിന് തിളക്കവും.