അരൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എൻഡിഎയെ വിമർശിച്ച് വീണ്ടും തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസിന് യോജിപ്പ് കേന്ദ്ര നേതൃത്വത്തോട് മാത്രം...പാലായിൽ ബിഡിജെഎസ് വോട്ട് ചേ‌ാ‌ർന്നിട്ടില്ലെന്നും തുഷാ‌ർ വെള്ളാപ്പള്ളി.

അരൂർ: അരൂ‌ർ ഉപതെരഞ്ഞെടുപ്പ് പ്രവ‍ർത്തനങ്ങൾക്കായി അരൂരിൽ ചേർന്ന കൺവെൻഷനിൽ ബിജെപിയെ വിമർശിച്ച് ബിഡിജെഎസ് നേതാക്കൾ. കേരളത്തിലെ ബിജെപിക്ക് നേതൃപാടവം ഇല്ലെന്നായിരുന്നു വിമ‍ർശനം. 'ഇവിടുത്തെ മുന്നണി സംവിധാനം ദുർബലമാണെന്നും കേന്ദ്ര നേതൃത്വത്തോട് മാത്രമാണ് ബിഡിജെഎസിന് യോജിപ്പെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാ‌ർട്ടികളും ജാതി പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. അൽപ്പം ജാതി പറയാതെ വോട്ട് കിട്ടില്ല. എസ്എൻഡിപി വോട്ടുകൾ ഒരു പാർട്ടിക്ക് മാത്രം ലഭിക്കില്ലെന്നും അരൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തുഷാ‌ർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും വിമർശനത്തിന് പിന്നാലെയാണ് തുഷാറിന്റെ പ്രതികരണം.

Read More: വട്ടിയൂർക്കാവിൽ‍ സമുദായിക സംഘടനകള്‍ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നുവെന്ന് കോടിയേരി

തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ മറ്റ് ബിഡിജെഎസ് നേതാക്കളും ബിജെപിയോടുള്ള അതൃപ്തി തുറന്നു പറഞ്ഞു. എൻഡിഎക്കു നേതൃത്വം കൊടുക്കുന്നവർക്ക്‌ ഭാവനയില്ലെന്നും ഭാവനയില്ലെങ്കിൽ കക്ഷികൾ വിട്ടുപോകുമെന്നും ആയിരുന്നു ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പി ടി മൻമദന്റെ വിമ‌ർശനം. അധികാരത്തിന്റെ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ചു ബിഡിജെഎസ് ആലോചിക്കണമെന്നും മൻമദൻ പറഞ്ഞു. 

Read More: ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തിൽ നടക്കില്ല: കാനം രാജേന്ദ്രൻ

കൺവെൻഷൻ ഉദ്ഘാടനം ചെയ്ത തുഷാ‌ർ പാലയിൽ അടക്കം ബിഡിജെഎസ് നേരിട്ട ആക്ഷേപങ്ങൾ അക്കമിട്ട് നിരത്തി. പാലായിൽ ബിഡിജെഎസ് വോട്ട് ചോർന്നിട്ടില്ലെന്ന് തുഷാ‌ർ വെള്ളാപ്പള്ളി ആവ‌ർത്തിച്ചു. ബിജെപി നേതാക്കൾക്കിടയിലെ ത‌ർക്കം തങ്ങളുടെ തലയിൽ വച്ച് ബിഡിജെഎസ് വോട്ടു മറിച്ചുവെന്ന ആക്ഷേപം നിലനിൽക്കെ മത്സരരം​ഗത്തിറങ്ങുന്നത് അപകടം ആയിരുന്നുവെന്നും തുഷാ‌ർ തുറന്നടിച്ചു. 

ബിഡിജെഎസ് വോട്ട് മറിച്ചില്ല, നിലവിലെ എൻഡിഎ സംവിധാനം ദുർബലമാണ്. ഇത് ശരിയാക്കി വരികയാണെന്നും തുഷാ‌ർ കൂട്ടിചേ‌‌ർത്തു. അതേ സമയം ബിഡിജെഎസ് തുടക്കം മുതൽ സജീവമാണെന്നും വോട്ടുകൾ ചോരില്ലെന്നും അരൂരിലെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു പ്രതികരിച്ചു. എൽഡിഎഫിലെയും യുഡ‍ിഎഫിലെയും പല വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്നും പ്രകാശ് ബാബു പ്രതീക്ഷ പ്രകടിപ്പിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുന്നെന്നായിരുന്നു തുഷാറിന്‍റെ വിമര്‍ശനം. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തിരുന്നു. 

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുകള്‍ ആ​സ​ന്ന​മാ​യി​രി​ക്കെ എ​ൻ​ഡി​എ​യിലെ ഭിന്നിപ്പ് ​ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മറ്റ് മുന്നണികൾ. എൻഡിഎയിലെ അസംതൃപ്തിയിൽ വോട്ടുകൾ ചോർന്നുകിട്ടുമെന്ന പ്രതീക്ഷയാണ് അവസാനലാപ്പിലും ഇടത് വലത് മുന്നണികൾ പങ്കു വയ്ക്കുന്നത്.