പത്തനംതിട്ട: കോന്നി മണ്ഡലത്തിൽ വരുന്ന മൂഴിയാർ വനമേഖലയിലെ ആദിവാസികൾക്ക് തെരഞ്ഞെടുപ്പിനോട് സമ്മിശ്ര പ്രതികരണമാണ്. തെരഞ്ഞെടുപ്പ് ഉണ്ടെന്ന് അറിയാമെങ്കിലും പലർക്കും സ്ഥാനാർത്ഥികളെ അറിയില്ല. കോളനിയോടുള്ള അവഗണനയിൽ പ്രതിഷേധത്തിലാണ് ഇവര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിക്കണമെന്നല്ലേ ഉള്ളു, ജയിച്ചുകഴിഞ്ഞാലും തിരിഞ്ഞുനോക്കില്ലല്ലോ, അതുകൊണ്ട് ഇത്തവണ വോട്ടില്ലെന്നാണ് മൂഴിയാര്‍ കോളനിക്കാര്‍ പറയുന്നത്.

ശബരിഗിരി പദ്ധതി പ്രദേശത്ത് മലമ്പണ്ടാര വിഭാഗത്തിൽപ്പെടുന്ന 80 കുടുംബങ്ങളാണുള്ളത്. നാട്ടിലെ തെരഞ്ഞെടുപ്പ് കോലാഹലമൊന്നും ഇവരെ ബാധിച്ചിട്ടില്ല. വനവിഭവങ്ങൾ ശേഖരിച്ചാണ് ജീവിക്കുന്നത്.എല്ലാവരും താമസിക്കുന്നത് പ്ലാസ്റ്റിക് മേഞ്ഞ ചോർന്ന് ഒലിക്കുന്ന കുടിലുകളിൽ. രേഖകൾ ഇല്ലാത്തതിനാൽ വോട്ടർ പട്ടികയിൽ ഇടം പിടിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. 

വനാവകാശ നിയമ പ്രകാരം ഇവർക്ക് ഭൂമി അനുവദിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇത് മുടങ്ങി. മഴ ആയതിനാൽ കാട്ടിൽ നിന്ന് കാര്യമായി ഒന്നും ശേഖരിക്കാൻ കഴിയാത്തതിനാൽ ജീവിതം ദുരിതത്തിലാണ്. വിവിധ സന്നദ്ധ സംഘടനകൾ കോളനികളിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനാൽ പട്ടിണി ഇല്ലെന്ന് കോളനിവാസികൾ പറയുന്നു.