മൂന്ന്, അഞ്ച്, പത്ത്, ഇരുപത് വര്‍ഷങ്ങളിലെ പ്രകടനത്തിലും സ്വര്‍ണം സെന്‍സെക്സിനെ മറികടന്നു.

ഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയെ പിന്നിലാക്കി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സ്വര്‍ണം . സെന്‍സെക്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് 50.1 ശതമാനം നേട്ടം നല്‍കിയാണ് സ്വര്‍ണം മുന്നിലെത്തിയത്. അതേസമയം, ഈ കാലയളവില്‍ സെന്‍സെക്സ് 1.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള സെന്‍ട്രല്‍ ബാങ്കുകളുടെ റെക്കോര്‍ഡ് അളവില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള നിക്ഷേപകരുടെ താല്‍പര്യവുമാണ് ഈ കുതിപ്പിന് പ്രധാന കാരണം.

മൂന്ന്, അഞ്ച്, പത്ത്, ഇരുപത് വര്‍ഷങ്ങളിലെ പ്രകടനത്തിലും സ്വര്‍ണം സെന്‍സെക്സിനെ മറികടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണം 29.7 ശതമാനം വാര്‍ഷിക നേട്ടം നല്‍കിയപ്പോള്‍ സെന്‍സെക്സിന്റെ നേട്ടം 10.7 ശതമാനം മാത്രമായിരുന്നു. അഞ്ച് വര്‍ഷത്തില്‍ സ്വര്‍ണം 16.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സെന്‍സെക്സ് 16.1 ശതമാനം നേടി. പത്ത് വര്‍ഷത്തിനിടെ സ്വര്‍ണം 15.4 ശതമാനവും സെന്‍സെക്സ് 12.2 ശതമാനവും നേട്ടമുണ്ടാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ സ്വര്‍ണം 15.2 ശതമാനം നേട്ടവും സെന്‍സെക്സ് 12.2 ശതമാനം നേട്ടവുമാണ് നല്‍കിയത്.

വിദഗ്ധരുടെ അഭിപ്രായത്തില്‍, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് ഈ കുതിപ്പിന് കാരണം. വര്‍ഷങ്ങളോളം യു.എസ്. ഡോളറിനെ ആശ്രയിച്ചിരുന്ന പല രാജ്യങ്ങളും ഇപ്പോള്‍ സ്വര്‍ണത്തെ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപമായി കാണുന്നു. കറന്‍സിയുടെ മൂല്യശോഷണത്തെയും രാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങളെയും പ്രതിരോധിക്കാന്‍ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമാണെന്നുള്ള നിക്ഷേപകരുടെ വിലയിരുത്തലും സ്വര്‍ണത്തിന് അനുകൂലമായി.

കഴിഞ്ഞ ആഴ്ച കോമെക്‌സ് വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 3,715.2 യു.എസ്. ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഇതേസമയം, വെള്ളി വില 14 വര്‍ഷത്തിനിടെ ആദ്യമായി 43 യു.എസ്. ഡോളര്‍ കടന്നതും ആഗോള തലത്തില്‍ സ്വര്‍ണ്ണത്തോടും വെള്ളിയോടുമുള്ള താല്‍പര്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ്.