ഒരു സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സ്വര്‍ണം ഇപ്പോഴും മികച്ച മാര്‍ഗമാണ്.

സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 81,600 രൂപയിലെത്തിയിരിക്കുകയാണ്. വെള്ളിയുടെ വിലയും റെക്കോഡ് ഭേദിച്ച് ഒരു കിലോയ്ക്ക് 1,29,392 രൂപയായി. ഈ വര്‍ഷം മാത്രം സ്വര്‍ണവില 42 ശതമാനവും വെള്ളിവില 48 ശതമാനവും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം-വെള്ളി അനുപാതം 85-ല്‍ എത്തി.

വില കൂടുന്നതെന്തുകൊണ്ട്?

അമേരിക്കയിലെ സാമ്പത്തിക രംഗത്തിന്റെ ദുര്‍ബലമായ അവസ്ഥ, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, അതോടൊപ്പം ലോകത്തിലെ പല രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ അസ്ഥിരത എന്നിവയാണ് സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാന കാരണം. ഇത് നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു.

സ്വര്‍ണം-വെള്ളി അനുപാതം എന്താണ് സൂചിപ്പിക്കുന്നത്?

സ്വര്‍ണവും വെള്ളിയും തമ്മിലുള്ള ചരിത്രപരമായ അനുപാതം 50-60 ആണ്. എന്നാല്‍ ഇപ്പോള്‍ ഇത് 85-ല്‍ എത്തിനില്‍ക്കുന്നു. ഇത് കാണിക്കുന്നത് വെള്ളിയെ അപേക്ഷിച്ച് സ്വര്‍ണത്തിന് വില കൂടുതലാണെന്നാണ്, അല്ലെങ്കില്‍ വെള്ളിക്ക് വില കുറവാണെന്ന് പറയാം. സ്വര്‍ണം-വെള്ളി അനുപാതം എന്നത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ തമ്മിലുള്ള താരതമ്യമാണ്. ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങാന്‍ എത്ര ഔണ്‍സ് വെള്ളി വേണ്ടിവരുമെന്ന് ഈ അനുപാതം സൂചിപ്പിക്കുന്നു. ലളിതമായി പറഞ്ഞാല്‍, സ്വര്‍ണത്തിന്റെ നിലവിലെ വിലയെ വെള്ളിയുടെ നിലവിലെ വിലകൊണ്ട് ഹരിച്ചാണ് ഈ അനുപാതം കണക്കാക്കുന്നത്.

ഉദാഹരണം:

ഒരു ഔണ്‍സ് സ്വര്‍ണത്തിന് 2,000 ഡോളറും ഒരു ഔണ്‍സ് വെള്ളിക്ക് 25 ഡോളറുമാണെങ്കില്‍, സ്വര്‍ണം-വെള്ളി അനുപാതം:

2000 ഡോളര്‍ / 25 ഡോളര്‍ = 80

അതായത്, ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങാന്‍ 80 ഔണ്‍സ് വെള്ളി ആവശ്യമാണ്.

ഇപ്പോള്‍ സ്വര്‍ണം വാങ്ങണോ വെള്ളി വാങ്ങണോ?

ഇത് നിക്ഷേപ ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കും . ഒരു സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സ്വര്‍ണം ഇപ്പോഴും മികച്ച മാര്‍ഗമാണ്. കാരണം, കേന്ദ്രബാങ്കുകളുടെ ഡിമാന്റ്, കുറഞ്ഞ പലിശ നിരക്കുകള്‍, രാഷ്ട്രീയ അസ്ഥിരത എന്നിവ സ്വര്‍ണത്തിന് അനുകൂലമാണ്. അതേസമയം, ഉയര്‍ന്ന അനുപാതം നിലനില്‍ക്കുന്നതുകൊണ്ട് വെള്ളി കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപമായി മാറുന്നു. കാരണം, വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഉപയോഗം (സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങള്‍) വെള്ളിവിലയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവും വെള്ളിയും ഒരുമിച്ച് നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ല തന്ത്രം. സ്ഥിരതക്ക് സ്വര്‍ണവും, നേട്ടങ്ങള്‍ക്കായി വെള്ളിയും തിരഞ്ഞെടുക്കാം.

മുന്നറിയിപ്പ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം.