വായ്പ തിരിച്ചടച്ചതിന്റെ ഔദ്യോഗിക തെളിവാണ് എന്‍ഡിസി. വായ്പ പൂര്‍ണ്ണമായും അടച്ചുതീര്‍ത്തുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ബാങ്കിന്റെ ഔപചാരികമായ രേഖയാണിത്.
ഒരു പേഴ്‌സണല്‍ ലോണിന്റെ തിരിച്ചടവ് അവസാനത്തെ ഇഎംഐ അടയ്ക്കുന്നതോടെ അവസാനിക്കുന്നില്ലെന്ന കാര്യം അറിയാമോ?. ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടം കൂടി ശേഷിക്കുന്നുണ്ട് - ബാങ്കില്‍ നിന്ന് 'നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്' (NDC) അഥവാ കുടിശ്ശികയില്ല എന്നുളള രേഖ നേടുക എന്നതാണ് ആ പ്രധാന കാര്യം . വായ്പ പൂര്‍ണമായി അടച്ചുതീര്‍ത്തശേഷം പല കാര്യങ്ങള്‍ക്കും ഈ രേഖ അത്യാവശ്യമാണ് എന്നതിനാല്‍ നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ നിന്നും നിര്‍ബന്ധമായും കൈപ്പറ്റണം.
എന്താണ് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്?
അവസാനത്തെ ഇഎംഐ അടച്ചു കഴിഞ്ഞാല്‍, വായ്പയെടുത്തയാള്‍ വായ്പയും പലിശയും ബാധകമായ മറ്റ് എല്ലാ ചാര്‍ജുകളും അടച്ചു തീര്‍ത്തുവെന്നും ഇനി യാതൊരു തുകയും ബാങ്കിന് നല്‍കാനില്ലെന്നും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ബാങ്ക് നല്‍കുന്ന രേഖയാണ് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ബാങ്ക് ഔദ്യോഗികമായി ആ വായ്പ പൂര്‍ണമായും അവസാനിപ്പിക്കുകയുള്ളൂ.
ഓരോ ബാങ്കിനും നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റിനായി അവരുടേതായ മാതൃക ഉണ്ട്. എന്നിരുന്നാലും, വായ്പയെടുത്തയാളുടെ പേരും വിലാസവും, വായ്പയുടെ വിശദാംശങ്ങള്‍, വായ്പ പൂര്‍ണമായി തിരിച്ചടച്ചുവെന്ന പ്രഖ്യാപനം എന്നിവ സാധാരണയായി എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും കാണും. അവസാന ഇഎംഐ അടച്ചതിന് ശേഷം ഇമെയിലായോ, കൊറിയര്‍ വഴിയോ, ബാങ്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കും.
നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം
വായ്പ തിരിച്ചടച്ചതിന്റെ ഔദ്യോഗിക തെളിവാണ് എന്‍ഡിസി. വായ്പ പൂര്‍ണ്ണമായും അടച്ചുതീര്‍ത്തുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ബാങ്കിന്റെ ഔപചാരികമായ രേഖയാണിത്. ഇത് വായ്പയെടുത്തയാള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്നു. മാത്രമല്ല, ഭാവിയില്‍ മറ്റ് വായ്പകള്‍ എടുക്കുന്നതിനും ഇത് സഹായിക്കും. വായ്പയെടുത്തുകൊണ്ട് വാങ്ങിയ കാറോ വീടോ വില്‍ക്കുമ്പോള്‍, നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിയമപരമായി ആവശ്യമായി വരാം.

