തിരുവോണം ബമ്പർ BR 105 ലോട്ടറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്. എറണാകുളം നെട്ടൂരിൽ ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഏജന്റ് ലതീഷിന് പത്ത് ശതമാനം കമ്മീഷനായി ലഭിക്കും.

കൊച്ചി: കഴിഞ്ഞ കൂറേ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തിരുവോണം ബമ്പർ BR 105 ലോട്ടറി നറുക്കെടുത്തിരിക്കുകയാണ്. TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആ ഭാ​ഗ്യ ടിക്കറ്റ് വിറ്റഴിച്ചത് ലതീഷ് എന്ന ഏജന്റാണ്. കഴിഞ്ഞ 30 വർഷമായി ലോട്ടറി കച്ചവടവുമായി മുന്നോട്ട് പോകുന്ന തനിക്ക് ലഭിച്ച മഹഭാ​ഗ്യമാണിതെന്ന് ലതീഷ് പറയുന്നു.

25 കോടി രൂപയിൽ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. അതായത് 2.5 കോടി രൂപ. കമ്മീഷനെ കുറിച്ചുള്ള ചോ​ദ്യത്തിന്, "എന്‍റെ അറിവ് ശരിയാണെങ്കില്‍ പത്ത് ശതമാനം കിട്ടും. രണ്ടരക്കോടി രൂപ. എത്ര കിട്ടിയാലും ഞാന്‍ ഹാപ്പി ആണ്. രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാൻ പറ്റാത്ത കാര്യമാണ്. ഞാനൊരു രാജാവിനെ പോലെ വാഴും. ഇപ്പോഴേ തലകറഞ്ഞുന്നു. 25 കോടി എനിക്കടിച്ചാല്‍ ചിലപ്പോള്‍ ഭ്രാന്തായി പോകും", എന്നാണ് ലതീഷ് രസകരമായി മറുപടി പറഞ്ഞത്. മലയാളികളാണ് തന്റെ കസ്റ്റമറുകളെന്നും ഇടയ്ക്ക് ഹിന്ദിക്കാർ ടിക്കറ്റ് എടുക്കാറുണ്ടെന്നും ലതീഷ് പറയുന്നുണ്ട്.

30 കൊല്ലമായി ലോട്ടറി വില്‍പന തുടങ്ങിയിട്ടെന്നും ലതീഷ് പറയുന്നു. ഈ വർഷം തന്നെ ദിവസേന ലോട്ടറികളുടെ ഒന്നാം സമ്മാനമടക്കം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. "മൂന്ന് മാസം മുന്‍പ് ഞാന്‍ വിറ്റ ടിക്കറ്റിന് 1 കോടി രൂപ അടിച്ചിരുന്നു. ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങിയപ്പോൾ, എനിക്ക് നാണക്കേട് തോന്നിയിരുന്നു. ഇത് ശരിയാവില്ല നിർത്തണമെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ഒരുവർഷത്തിനുള്ളിൽ 26 കോടി രൂപ(വിറ്റ ടിക്കറ്റിന്) എനിക്കടിച്ചു. ഇനിയാരും ഈ ജോലി നിർത്താൻ പറയില്ല", എന്നും ലതീഷ് മനസുനിറഞ്ഞ് പറയുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്