കൊച്ചി നെട്ടൂരിലാണ് ടിക്കറ്റ് വിറ്റതെന്നും ഇത്തവണ വിറ്റത് ആയിരം ടിക്കറ്റാണെന്നും ലതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചി: ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി നേടിയ ഭാഗ്യവാൻ കൊച്ചിയിൽ തന്നെയായിരിക്കുമെന്ന സൂചനയുമായി ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് നെട്ടൂർ. കൊച്ചി നെട്ടൂരിലാണ് ടിക്കറ്റ് വിറ്റതെന്നും ഇത്തവണ വിറ്റത് ആയിരം ടിക്കറ്റാണെന്നും ലതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈറ്റിലയിലെ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റായ ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം. 800 ടിക്കറ്റാണ് ഇവിടെ നിന്ന് ലതീഷ് വാങ്ങിയത്. ആര്‍ക്കാണ് ടിക്കറ്റ് വിറ്റത് ഒരു പിടിയുമില്ലെന്നാണ് ലതീഷിന്‍റെ പ്രതികരണം. ലോട്ടറി കച്ചവടം ആരംഭിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്നും ലതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ബമ്പര്‍ ടിക്കറ്റിൽ ഒരെണ്ണം പോലും താൻ എടുത്തില്ലെന്നും രതീഷിന്‍റെ വാക്കുകള്‍. എറണാകുളത്തും പരിസരത്തും ഭാഗ്യശാലി ഉണ്ടെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
ഒന്നാം സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് ലഭിക്കുക. രണ്ടരക്കോടി തനിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. എത്ര കിട്ടിയാലും ഹാപ്പിയാണെന്നും ലതീഷ്. ഏറ്റവും കൂടുതൽ ലോട്ടറിയെടുക്കുന്നത് മലയാളികളാണ്. പതിനേഴാമത്തെ വയസ്സിലാണ് ലതീഷ് കൊച്ചി നെട്ടൂരിലെത്തുന്നത്. ഇപ്പോള്‍ അമ്പത് വയസുണ്ട് ലതീഷിന്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ 2025ലെ ഓണം ബമ്പർ നറുക്കെടുത്തിരിക്കുകയാണ്. BR 105 എന്ന സീരീയൽ നമ്പറാണ് നറുക്കെടുത്തിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ആരാകും 25 കോടിയുടെ ഭാഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. മുൻ വർഷങ്ങളെ പോലെ ഭാഗ്യശാലി രംഗത്ത് വരാനും വരാതിരിക്കാനും സാധ്യതയേറെയാണ്.



