ട്രംപ് തീരുവ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമാകുമെന്ന് വിലയിരുത്തല്‍.

ലോക സാമ്പത്തിക ശക്തികള്‍ക്കിടയില്‍ പുതിയൊരു പോര്‍മുഖം തുറന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമാകുമെന്ന് വിലയിരുത്തല്‍. ഇത് വഴി ഓരോ അമേരിക്കന്‍ കുടുംബത്തിനും പ്രതിവര്‍ഷം 2400 (ഏകദേശം 2 ലക്ഷം രൂപ) അധികച്ചെലവ് വരുമെന്ന് എസ്ബിഐയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തീരുവ ഒരു ഭീഷണിയാണെങ്കിലും, അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യക്ക് ആഘാതം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പാവപ്പെട്ടവന് കൂടുതല്‍ ഭാരം, പണക്കാരന് ആഘാതം കുറവ്!

എസ്ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ഈ അധികച്ചെലവിന്റെ ഭാരം എല്ലാ വരുമാനക്കാര്‍ക്കും ഒരുപോലെയായിരിക്കില്ല. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഏകദേശം 1300 ഡോളര്‍ (ഏകദേശം 1.1 ലക്ഷം രൂപ) വരെ അധികച്ചെലവ് വരും. ഇത് അവരുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിക്കും. അതേസമയം, ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 5000 ഡോളര്‍(ഏകദേശം 4.2 ലക്ഷം രൂപ) വരെ അധികച്ചെലവ് വരാമെങ്കിലും, അവരുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരതയെ ഇത് അത്രയധികം ബാധിക്കില്ല.

ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍സ്, മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയരും. ഇത് വഴി അമേരിക്കയിലെ പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വിന്റെ 2% എന്ന ലക്ഷ്യം കവിഞ്ഞേക്കാം. കൂടാതെ ഉയര്‍ന്ന ഉത്പാദനച്ചെലവുകളും ഉപഭോക്താക്കളുടെ ഡിമാന്‍ഡ് കുറയുന്നതും കാരണം യുഎസ് ജിഡിപി വളര്‍ച്ച 40 മുതല്‍ 50 ബേസിസ് പോയിന്റ് വരെ കുറയാനും സാധ്യതയുണ്ട്.

ഇന്ത്യയ്ക്ക് ആഘാതം കുറവ്! അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണികളിലൊന്നാണ്. 2025-ല്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 20% അമേരിക്കയിലേക്കാണ്. എന്നിരുന്നാല്‍ പോലും ട്രംപിന്റെ നയം ഇന്ത്യയെ അത്രയധികം ബാധിക്കില്ലെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് പ്രധാന കാരണം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന വ്യാപാര ശൃംഖലയാണ്. ഇന്ത്യയുടെ കയറ്റുമതിയുടെ 53%വും 10 രാജ്യങ്ങളിലേക്കാണ്. ഇത് ഒരു രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നു.

അതിനാല്‍, ട്രംപിന്റെ ഈ പുതിയ നയങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുമെങ്കിലും, ഇന്ത്യയെ അപേക്ഷിച്ച് അമേരിക്കക്ക് സാമ്പത്തികമായി കനത്ത പ്രഹരമുണ്ടാക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദുര്‍ബലമായ ഡോളര്‍, വര്‍ദ്ധിച്ച പണപ്പെരുപ്പം, കുറഞ്ഞ ജിഡിപി വളര്‍ച്ചാ സാധ്യതകള്‍ എന്നിവ അമേരിക്കയെ കൂടുതല്‍ ദുര്‍ബലമായ ഒരു അവസ്ഥയിലേക്ക് നയിക്കുമ്പോള്‍, ആഗോള പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യ കൂടുതല്‍ സജ്ജമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.