തന്റെയും സഹോദരി സ്വാതിയുടേയും പഠന ചെലവുകൾ മാതാപിതാക്കൾക്കു താങ്ങാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ചെറിയ വരുമാനം തേടി വിഷ്ണു ലോട്ടറി വിൽക്കാനിറങ്ങിയത്.

നെടുങ്കണ്ടം : പ്ലസ് ടു പൂർത്തീകരിച്ച വിഷ്ണു പ്രിയൻ എന്ന 17 കാരൻ ലോട്ടറി വിൽപനയ്ക്കിറങ്ങിയത് ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താൻ വേറെ വഴിയൊന്നുമില്ലാതെയാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ നൽകുന്ന സഹായവും വലിയൊരു താങ്ങാകുന്നു ഈ കൊച്ചു മിടുക്കന്. കനത്ത മഴയിൽ നനഞ്ഞ വസ്ത്രങ്ങളുമായാണ് ലോട്ടറി വിൽക്കാൻ വിഷ്ണു പൊലീസ് സ്റ്റേഷനിലേക്ക് ആദ്യമെത്തിയത്. ഇതിനു ശേഷം വിഷ്ണു ലോട്ടറിയുമായി എത്തുമ്പോൾ സഹായിക്കാൻ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൂട്ടായി നിൽക്കുന്നത് പതിവു കാഴ്ചയായി.

വിഷ്ണുവിന്റെ ലോട്ടറികൾ ഒന്നാകെയെടുത്ത് സഹപ്രവർത്തകരെ കൊണ്ട് നിർബന്ധിച്ച് വാങ്ങിപ്പിക്കുന്ന പൊലീസുകാർ പോലുമുണ്ട് ഈ സ്റ്റേഷനിൽ. സിഐ ബി.എസ്.ബിനുവിന്റെ ഡ്രൈവർ സഞ്ജുവും വനിതാ പൊലീസുകാരുമടക്കം വിഷ്ണുവിനെ ലോട്ടറിയെടുത്ത് സഹായിക്കും. തുടർ വിദ്യാഭ്യാസത്തിന് വലിയ തുക ആവശ്യമായി വരുമെന്ന തിരിച്ചറിവിലാണ് വിഷ്ണു ലോട്ടറി വിൽപനയിലേക്ക് തിരഞ്ഞത്.

അവകാശികൾ ഇല്ലാത്ത ബമ്പർ ലോട്ടറികൾ എന്ത് ചെയ്യും; കോടികൾ സർക്കാരിനോ? വസ്തുത എന്ത് ?

രാവിലെ 6നാണ് വിഷ്ണു ലോട്ടറി വിൽക്കാൻ ഇറങ്ങുന്നത്. സന്ധ്യയാകുന്നതിനു മുൻപേ വീട്ടിലെത്തും. പിതാവ് ബാൽരാജ് ഡ്രൈവറാണ്. മാതാവ് ശ്രീരഞ്ജിനി കൂലിവേല ചെയ്യുന്നു. സ്വന്തമായുണ്ടായിരുന്ന വാഹനം വിറ്റതോടെ ബാൽരാജ് കൂലിയ്ക്ക് വണ്ടിയോടിക്കാൻ തുടങ്ങി. എല്ലാ ദിവസവും ഓട്ടം ഇല്ലാതായതോടെ വരുമാനം തീരെ കുറഞ്ഞു.

തന്റെയും സഹോദരി സ്വാതിയുടേയും പഠന ചെലവുകൾ മാതാപിതാക്കൾക്കു താങ്ങാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ചെറിയ വരുമാനം തേടി വിഷ്ണു ലോട്ടറി വിൽക്കാനിറങ്ങിയത്. ദിവസവും 60 മുതൽ 150 ലോട്ടറി വരെ വിൽക്കും. അധ്യയനവർഷം ആരംഭിക്കുമ്പോൾ മികച്ച കോളജിൽ നല്ലൊരു കോഴ്‌സിന് ചേർന്ന് പഠിക്കണമെന്നാണ് വിഷ്ണു പ്രിയന്റെ ആഗ്രഹം.

അടുത്തിടെ അധ്യാപിക ആകാനുള്ള ആഗ്രഹം സഫലീകരിക്കാന്‍ ഭാഗ്യം വില്‍ക്കാനിറങ്ങിയ പൂജയുടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഹരിപ്പാട് വെട്ടുവേനി സ്വാമി മന്ദിരത്തിൽ പി രാജന്റെ മകൾ എസ് പൂജയാണ് ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഭാഗ്യം വില്‍ക്കാന്‍ ഇറങ്ങിയത്.

രാവിലെ ആറരയോടെയാണ് പൂജ ലോട്ടറി വില്‍ക്കാന്‍ പോകുന്നത്. വീട്ടിൽ നിന്നിറങ്ങി ദേശീയപാതയിലൂടെ 5 കിലോമീറ്റർ നടന്നു താമല്ലാക്കൽ എത്തും. അവിടെ പെട്രോൾ പമ്പിലും ദേശീയപാതയോരത്തും ലോട്ടറി ടിക്കറ്റ് വിൽക്കും. വൈകിട്ട് ആറു മണിയോടെ തിരിച്ചു വീട്ടിലേക്കു നടക്കും. ദേശീയപാതയിലൂടെ വാഹനത്തിൽ പോകുന്നവരും പെട്രോൾ പമ്പിൽ എത്തുന്നവരുമാണ് പൂജയിൽ നിന്നു ടിക്കറ്റ് എടുക്കുന്നത്. ഒരു ദിവസം 120 ടിക്കറ്റ് വരെ വിൽക്കും.