പെരുമ്പാവൂർ: റോഡരികിൽ ലോട്ടറി വിൽപ്പന നടത്തിവന്ന അന്ധയായ സ്ത്രീയുടെ പക്കൽ നിന്ന് ടിക്കറ്റുകൾ തട്ടിയെടുത്തു. ലിസി ജോസ് എന്ന സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്. പിപി റോ‍ഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിൽ റോഡരികിലിരുന്നു ലിസി വിൽപന നടത്തിയിരുന്നത്.

ബൈക്കിലെത്തിയ ഓരാൾ ലോട്ടറിയുടെ നമ്പറുകൾ നോക്കട്ടെയെന്ന് പറഞ്ഞ് മൂന്ന് ബണ്ടിൽ ടിക്കറ്റുകൾ വാങ്ങി കടന്നുകളയുകയായിരുന്നുവെന്ന് ലിസി പറയുന്നു.122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്. ഇവയ്ക്ക് 4800 രൂപ വിലവരും.

ആരാണ് കബളിപ്പിച്ചതെന്ന സൂചനകളൊന്നുമില്ലെന്ന് ലിസി പറഞ്ഞു. പുറമ്പോക്കിലാണ് ലിസിയുടെ താമസം. ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്നതാണ് ലിസിയുടെ ഏക വരുമാനം. സംഭവം അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തിൽ ഏജൻസീസ് ഉടമ രാജു, ലിസക്ക്  4000 രൂപ നൽകി.

Read Also: ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പരാതി നൽകി; പിന്നാലെ കച്ചവടക്കാരന്‍ തൂങ്ങിമരിച്ചു

പുതിയ ടിക്കറ്റുകൾ വാങ്ങി വിൽ‌പന തുടരുന്നതിനാണ് പണം നൽകിയതെന്നും കബളിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും രാജു പറഞ്ഞു. അതേസമയം കഴിഞ്ഞ ഒക്ടോബർ 21നും ലിസി ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് വിവരം.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക