വടക്കാഞ്ചേരിയിൽ സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി ലോട്ടറി ഏജൻ്റിൽ നിന്ന് 5000 രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തയ്യൂർ സ്വദേശിയായ സജീഷിനെ പിടികൂടിയത്.

വടക്കാഞ്ചേരി: സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തയ്യൂർ സ്വദേശിയായ 40 വയസ്സുകാരൻ സജീഷാണ് വടക്കാഞ്ചേരി പോലീസിൻ്റെ പിടിയിലായത്. വടക്കാഞ്ചേരി മാരിമ്മൻ കോവിലിന് സമീപത്തുള്ള ആരോൺ ലോട്ടറി കടയിലാണ് തട്ടിപ്പ് നടന്നത്. ലോട്ടറി വിൽപനക്കാരിയായ ലിജിയെയാണ് പ്രതി കബളിപ്പിച്ചത്. സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജ കോപ്പിയുമായി കടയിലെത്തിയ പ്രതി, ടിക്കറ്റ് മാറി പണം ആവശ്യപ്പെട്ടു. ലിജി ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് സ്കാൻ ചെയ്ത് പരിശോധിച്ചപ്പോൾ 5000 രൂപ സമ്മാനം അടിച്ചതായി കാണിച്ചു. തുടർന്ന് ലിജി സജീഷിന് പണം കൈമാറി.

എന്നാൽ, കഴിഞ്ഞ ദിവസം ഈ ടിക്കറ്റ് മാറാനായി ട്രഷറിയിൽ എത്തിയപ്പോഴാണ് നൽകിയത് യഥാർത്ഥ ടിക്കറ്റല്ല, മറിച്ച് കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്ന് മനസ്സിലായത്. തുടർന്ന്, സ്ഥാപനത്തിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങളും കൈമാറ്റം ചെയ്ത ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റും ലിജി പോലീസിന് കൈമാറിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തയ്യൂർ സ്വദേശി സജീഷിനെ പോലീസ് പിടികൂടിയത്.