Asianet News MalayalamAsianet News Malayalam

ഒന്നാമന് 25 കോടി, മൂന്നാം സമ്മാനം ഒരുകോടി, അതും 10 പേര്‍ക്ക്; ഓണം ബമ്പര്‍ റെഡി!

ജൂലൈ 18ന് ആരംഭിച്ച ബമ്പർ വിൽപ്പന ദ്രുതഗതിയിൽ മുന്നേറുകയാണ്. ഇതുവരെ 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 30 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞു. 

full details of kerala lottery Thiruvonam Bumper 2022 first prize 25 crore
Author
First Published Sep 1, 2022, 3:06 PM IST

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബമ്പർ പ്രഖ്യാപിച്ചത്. 25 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപ ടിക്കറ്റിന്റെ മൂന്നാം സമ്മാനം 1 കോടി വീതം പത്ത് പേർക്കാണ് ലഭിക്കുന്നത്. ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രധാന ആകർഷണീയതയും ഇത് തന്നെയാണ്. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. ജൂലൈ 18ന് ആരംഭിച്ച ബമ്പർ വിൽപ്പന ദ്രുതഗതിയിൽ മുന്നേറുകയാണ്. നറുക്കെടുപ്പ് അടുക്കുന്തോറും വിൽപ്പനയിൽ നേരിയ വർദ്ധനവ് ഉണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. 

സെപ്റ്റംബർ 18 നാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതിയാണ് സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുള്ളത്. ഇതിൽ 40 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ച് കഴിഞ്ഞത്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മീഷൻ ഇനത്തിൽ ലഭിക്കുകയും ചെയ്യും. 58 രൂപയായിരുന്നു കഴിഞ്ഞ തവണ ഒരു ടിക്കറ്റിനുള്ള കമ്മീഷൻ. ബമ്പറിന് റെക്കോർഡ് സെയിലാണ് ഇത്തവണ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

തിരുവോണം ബമ്പറിന്റെ സമ്മാനഘടന ഇങ്ങനെ

ഒന്നാം സമ്മാനം- 25 കോടി
രണ്ടാം സമ്മാനം- 5 കോടി
മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്)
നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്
അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്
ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

25 കോടിയിൽ ഭാഗ്യശാലിക്ക് എത്ര കിട്ടും ?

25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.

തട്ടിപ്പുകാർ പടിക്ക് പുറത്ത്

വ്യാജ ടിക്കറ്റുകൾ, കളർ ഫോട്ടോ സ്റ്റാറ്റുകൾ, നമ്പർ തിരുത്തുക തുടങ്ങിയവ ലോട്ടറി മേഖല നേരിടുന്ന വലിയൊരു ആശങ്കയാണ്. ഇവ തടയാനായി ടിക്കറ്റിന്റെ വിവിധ ഭാഗങ്ങളിലായി വേര്യബിൾ ഡാറ്റാ പ്രിന്റിങ്ങുമായാണ് ഓണം ബമ്പർ വിൽപ്പനയ്ക്ക് എത്തിയത്.

ടിക്കറ്റുകളുടെ ഡിസൈനെല്ലാം ഒരുപോലെ ആണെങ്കിലും നമ്പർ എഴുതുന്നത് വ്യത്യസ്തമായിരിക്കും. സാധാരണ ടിക്കറ്റുകളുടെ ഒരു ഭാഗത്ത് മാത്രമാണ് ഈ വേര്യബിൾ ഡാറ്റ പ്രിന്റ് ചെയ്തിരുന്നത്. പുതിയ സുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ച് ഒരു ലോട്ടറി ടിക്കറ്റിൽ ഒന്നിലധികം സ്ഥലത്ത് ഈ സംവിധാനം രേഖപ്പെടുത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഓണം ബമ്പറിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്.

Read More : Thiruvonam Bumper : 'ബമ്പർ കുട' തണലിൽ റഷീദിന്റെ ബമ്പർ കച്ചവടം

അതുപോലെ തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പേപ്പറിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി 90 ജിഎസ്എം പേപ്പറിലാണ് ടിക്കറ്റുകൾ അച്ചടിക്കാൻ പോകുന്നത്. മറ്റൊരു മാറ്റം ടിക്കറ്റുകളിൽ ഉപയോഗിക്കുന്ന മഷിയാണ്. സാധാരണ ടിക്കറ്റുകൾ അച്ചടിക്കുന്ന മഷി ഉപയോഗിച്ചാൽ കളർ ഫോട്ടോ കോപ്പിയെടുത്ത് വ്യജടിക്കറ്റുകൾ തയ്യാറാക്കാറുണ്ട്. ഇതിനെ പ്രതിരേധിക്കാൻ ഫ്‌ളൂറസെന്റ് മഷിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഓണം ബമ്പറിൽ ഇതുണ്ടായിരിക്കും. ഫ്‌ളൂറസെന്റ് ആയതിനാൽ ഫോട്ടോ കോപ്പി എടുത്ത് കച്ചവടക്കാരെ കബളിപ്പിക്കാൻ സാധിക്കില്ല.

ഷെയറിട്ട് ലോട്ടറി എടുക്കുമ്പോൾ ചെയ്യേണ്ടത്

നിയമപരമായി ലോട്ടറികൾ കൂട്ടം ചേർന്ന് എടുക്കുന്നതിന് തടസ്സങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. ആയതിനാൽ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരിൽ ഒരാൾക്കാകും സമ്മാനത്തുക കൈമാറുക.  

ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. ഇല്ലായെങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യാവുന്നതാണ്. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണം?

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോർഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.

5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.

Follow Us:
Download App:
  • android
  • ios