കണ്ണൂർ: മുച്ചക്ര സൈക്കിളിൽ ലോട്ടറി വിൽപന നടത്തുന്നയാളെ ബോധം കെടുത്തി കവർച്ച. കൂത്തുപറമ്പ് മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലർവാടിയിൽ സതീശനാ(64)ണ് കവർച്ചയ്ക്കിരയായത്. 850 രൂപയും 12000 രൂപയുടെ സമ്മാന ടിക്കറ്റും പൗർണമി ഭാഗ്യക്കുറിയുടെ 115 ടിക്കറ്റുകളുമാണ് സതീശന് നഷ്ടപ്പെട്ടത്.

എലിപ്പറ്റച്ചിറയിൽ എസ്ബിഐക്കു സമീപം ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം. ബാങ്ക് പാസ് ബുക്കും വാഹനത്തിന്റെ രേഖകളും മറ്റും ഉൾപ്പെടെയുള്ള ബാഗ് സതീശന്റെ കയ്യിൽ നിന്ന് സംഘം തട്ടിയെടുക്കുകയായിരുന്നു.

കാറിലെത്തിയ സംഘം ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ട ശേഷം സതീശന്റെ മുഖത്തു സ്പ്രേ അടിച്ച് ബോധം കെടുത്തി. പിന്നാലെ പണവും ടിക്കറ്റുകളും അടിച്ചുമാറ്റുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് സതീശനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: അന്ധനായ ലോട്ടറി വിൽപനക്കാരന്റെ പണം മോഷ്ടിച്ചു; ജാമ്യത്തിലിറങ്ങിയ മോഷണക്കേസ് പ്രതി പിടിയിൽ