വയനാട്ടിലെ പുഞ്ചക്കൃഷി കാലം തെറ്റിയെത്തിയ മഴയിൽ വലയുന്നു. കൊയ്ത്തിനൊരുങ്ങിയ പാടങ്ങളിൽ മഴവെള്ളം നിറഞ്ഞതോടെ കർഷകർക്ക് കനത്ത നഷ്ടം.

കല്‍പ്പറ്റ: 'വേനല്‍ ആയാല്‍ നനക്കാനും മറ്റുമുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് പുഞ്ചക്കൃഷിയിറക്കേണ്ട എന്നായിരിക്കും തീരുമാനം. വിത്തിടാന്‍ സമയമാകുമ്പോള്‍ പക്ഷേ വെറുതെയിരിക്കാന്‍ തോന്നാറില്ല. അങ്ങനെ കൃഷിയിറക്കും. വന്യമൃഗങ്ങള്‍ നശിപ്പിക്കാതിരിക്കാന്‍ വിളവ് പാകമാകുന്നത് വരെ കാവലിരിക്കും. കൊയ്ത്തിനുള്ള ഒരുക്കം നടത്തുമ്പോഴായിരിക്കും അപ്രതീക്ഷിതമായി മഴയെത്തുക. പിന്നെ മുതല്‍കാശ് പോലും മോഹിക്കാനാകാതെ എല്ലാം മഴവെള്ളത്തില്‍ കുഴിച്ചുമൂടും' സുല്‍ത്താന്‍ബത്തേരിക്കടുത്ത കല്ലൂര്‍ തിരുവണ്ണൂര്‍ പാടശേഖരത്തിലെ പുഞ്ചക്കൃഷിയിറക്കിയ കര്‍ഷകര്‍ അവരുടെ അനുഭവം പറയുകയാണ്. 

കൊയ്ത്തിനൊരുങ്ങിയ അവരുടെ പാടങ്ങളിലാണ് ദിവസങ്ങളായി മഴ നിലക്കാതെ പെയ്യുന്നത്. കാലാവസ്ഥ മാറ്റം മൂലം പ്രതീക്ഷിച്ച സമയത്ത് കൃഷി തീര്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് മുന്‍വര്‍ഷങ്ങളിലെ അതേ അനുഭവം തന്നെയാണ് ഇത്തവണയും ഉണ്ടായത്. ഒരു നെന്മണി പോലും കൊയ്‌തെടുക്കാന്‍ കഴിയാതെ നഷ്ടം സഹിക്കുന്നവരാണ് അവരില്‍ പലരും. ഏതാണ്ട് കല്ലൂരിലെ നെല്‍ക്കര്‍ഷകരുടെ അനുഭവം തന്നെയാണ് ജില്ലയില്‍ മറ്റിടങ്ങളിലും. നെല്ല് അടക്കം ഏക്കര്‍കണക്കിന് കൃഷിയാണ് നേരത്തെയെത്തിയ കാലവര്‍ഷം കൊണ്ടുപോയത്. 

നൂല്‍പ്പുഴ, നെന്മേനി പഞ്ചായത്തുകളിലുള്‍പ്പെട്ട കണ്ണങ്കോട്, മാതമംഗലം, മണ്ണൂര്‍കുന്ന് പാടശേഖരങ്ങളിലെ അന്‍പതിലധികം വരുന്ന കര്‍ഷകര്‍ക്ക് ഇത്തവണയും വിളവ് മുഴുവനായും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കെ കൊയ്ത്തുയന്ത്രം എത്തിച്ചിരുന്നെങ്കിലും മഴവെള്ളം നിറഞ്ഞതോടെ യന്ത്രം കരയിലിടേണ്ടി വന്നു. മേയ് 20 പിന്നിട്ടാല്‍ സാധാരണയായി പുഞ്ചക്കൊയ്ത്ത് തുടങ്ങാറുണ്ട്. അത് കണക്കാക്കി കൊയ്ത്തു യന്ത്രമെത്തിച്ച് വിളവെടുപ്പ് ആരംഭിച്ചതോടെ കാലവര്‍ഷവും നേരത്തെ എത്തി

പൂര്‍ണമായും പാകമായ നെല്ല് വെള്ളം മൂടിക്കിടക്കുന്നത് വലിയ ആശങ്കയാണ്. ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളമിറങ്ങി ഇവ കൊയ്‌തെടുക്കാന്‍ കഴിഞ്ഞാലും തൊട്ടടുത്ത ദിവസങ്ങളില്‍ നല്ല വെയില്‍ കിട്ടിയാല്‍ മാത്രമെ ഇവ ഉണക്കിയെടുക്കാനും മറ്റും കഴിയുകയുള്ളു. സാധാരണയായി കാലവര്‍ഷം ഇതുപോലെ കനത്തുപെയ്യാന്‍ ജൂണ്‍ പാതിയെങ്കിലുമെടുക്കും. അതിനാല്‍ പുഞ്ച വിളവെടുപ്പ് ആശങ്കളില്ലാതെ അവസാനിക്കാറുമുണ്ട്. ഇത്തവണ പക്ഷേ മെയ് മാസം പിറന്നത് തന്നെയാണ് മഴയുമായിട്ടാണെന്ന് കര്‍ഷകര്‍ പറഞ്ഞു. കപ്പ, വാഴ തുടങ്ങിയ മറ്റുവിളകളെയും കാലംതെറ്റിയെത്തിയ മഴ ബാധിച്ചു.