കേരള സർക്കാരിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ (BR 107) ടിക്കറ്റുകൾ വിപണിയിൽ എത്തി. 400 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും, 10 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ BR 107 ടിക്കറ്ററുകൾ വിപണിയിൽ എത്തി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള രണ്ടാമത്തെ ലോട്ടറിയാണ് ക്രിസ്മസ് ബമ്പർ. 400 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില.

ക്രിസ്മസ് ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കുന്നുണ്ട്.

ഒരു ലക്ഷം രൂപയുടെ ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ സവിശേഷത. BR 107 നമ്പർ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ക്രിസ്മസ് ബമ്പറിന്റെ നറുക്കെടുപ്പ് 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

അതേസമയം, പൂജ ബമ്പറിന്‍റെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. 12 കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ഭാഗ്യശാലി ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്