Asianet News MalayalamAsianet News Malayalam

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഒരാഴ്ച; ഒന്നാം സമ്മാനം 25 കോടി, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണിപാളും

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തുന്ന ബമ്പർ നറുക്കെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി.

kerala lottery  thiruvonam bumper 2022 draw at September 18th
Author
First Published Sep 11, 2022, 4:00 PM IST

തിരുവനന്തപുരം: ഏറെ പ്രത്യേകതകളുമായാണ് ഈ വർഷത്തെ തിരുവോണം ബമ്പർ പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 25 കോടി എന്നതാണ് അതിൽ ഏറ്റവും വലിയ ഹൈലൈറ്റ്. 500 രൂപ ടിക്കറ്റിന്റെ മൂന്നാം സമ്മാനം 1 കോടി വീതം പത്ത് പേർക്കാണ് ലഭിക്കുന്നത്. ബമ്പറിന്റെ ഒരു ആകർഷണീയതയും ഇതാണ്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 5 കോടിയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തുന്ന ബമ്പർ നറുക്കെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ജൂലൈ 18ന് ആരംഭിച്ച തിരുവോണം ബമ്പർ വിൽപ്പന പൊടി പൊടിക്കുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. 

സെപ്റ്റംബർ 18നാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനുള്ള അനുമതിയാണ് ഇത്തവണ സർക്കാർ കേരള ലോട്ടറി വകുപ്പിന് നൽകിയിരിക്കുന്നത്. ഇതുവരെ 45 ലക്ഷം ടിക്കറ്റോളം വിറ്റഴിഞ്ഞിട്ടുണ്ട്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മീഷൻ ഇനത്തിൽ ലഭിക്കുകയും ചെയ്യും. 58 രൂപയായിരുന്നു കഴിഞ്ഞ തവണ ഒരു ടിക്കറ്റിനുള്ള കമ്മീഷൻ.

Lottery Winner : എടുത്തത് 23 ടിക്കറ്റുകൾ, ജീവിതം മാറ്റിയത് ഒരു ലോട്ടറി, ഇത് രാജീവിന്റെ ഭാ​ഗ്യകഥ

അതേസമയം, വ്യാജന്മാരെ തുരത്താനുള്ള മാർ​ഗവും ഇത്തവണ ഓണം ബമ്പർ ടിക്കറ്റുകളിൽ ലോട്ടറി വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റിന്റെ വിവിധ ഭാഗങ്ങളിലായി വേര്യബിൾ ഡാറ്റാ പ്രിന്റിങ്ങുമായാണ് ഓണം ബമ്പർ വിൽപ്പനയ്ക്ക് എത്തിയത്.  ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പേപ്പറിന്റെ കാര്യത്തിലും മാറ്റം വന്നിട്ടുണ്ട്. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി 90 ജിഎസ്എം പേപ്പറിലാണ് ടിക്കറ്റുകൾ അച്ചടിക്കാൻ പോകുന്നത്. മറ്റൊരു മാറ്റം ടിക്കറ്റുകളിൽ ഉപയോഗിക്കുന്ന മഷിയാണ്. സാധാരണ ടിക്കറ്റുകൾ അച്ചടിക്കുന്ന മഷി ഉപയോഗിച്ചാൽ കളർ ഫോട്ടോ കോപ്പിയെടുത്ത് വ്യജടിക്കറ്റുകൾ തയ്യാറാക്കാറുണ്ട്. ഇതിനെ പ്രതിരേധിക്കാൻ ഫ്‌ളൂറസെന്റ് മഷിയാണ് ഇത്തവണ ഓണം ബമ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ലോട്ടറി എടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോർഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.

5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.

Follow Us:
Download App:
  • android
  • ios