Asianet News MalayalamAsianet News Malayalam

മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച് ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങൾ

നിലവിൽ കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടിയായിരുന്നുവെങ്കിൽ ഇനി മുതൽ അത് 80 ലക്ഷമാകും. പൗർണമി, കാരുണ്യ പ്ലസ് എന്നീ ലോട്ടറികളുടെ സമ്മാന തുകയും ഇനി മുതൽ 80 ലക്ഷമാണ്.

kerala lottery tickets cost rs 40 rupees from march 1
Author
Thiruvananthapuram, First Published Feb 29, 2020, 7:10 PM IST

തിരുവനന്തപുരം: പ്രതിവാര ഭാ​ഗ്യക്കുറികളിൽ പുത്തൻ മാറ്റങ്ങളുമായി ലോട്ടറി വകുപ്പ്. മാർച്ച് ഒന്ന് മുതലാകും സമ്മാന തുകകളിലും ടിക്കറ്റ് വിലകളിലും മാറ്റമുണ്ടാകുക. ഇനി മുതൽ എല്ലാ ലോട്ടറി ടിക്കറ്റുകളുടെയും വില 40 രൂപയാണ്. 50 രൂപയായിരുന്ന കാരുണ്യ ടിക്കറ്റിന് പത്ത് രൂപ കുറയുകയും പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ലസ്, നിർമൽ എന്നീ ഭാ​ഗ്യക്കുറികൾക്ക് പത്ത് രൂപ വീതം കൂടുകയും ചെയ്യും. നിലവിൽ ഈ ടിക്കറ്റുകളുടെ വില മുപ്പത് രൂപയായിരുന്നു.
 
സമ്മാന തുകയിലും ഭാ​ഗ്യക്കുറി വകുപ്പ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിലവിൽ കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടിയായിരുന്നുവെങ്കിൽ ഇനി മുതൽ അത് 80 ലക്ഷമാകും. പൗർണമി, കാരുണ്യ പ്ലസ് എന്നീ ലോട്ടറികളുടെ സമ്മാന തുകയും ഇനി മുതൽ 80 ലക്ഷമാണ്. വിൻ വിൻ, സ്ത്രീശക്തി എന്നിവയ്ക്ക് 75 ലക്ഷവും അക്ഷയ, നിർമൽ എന്നീ ഭാ​ഗ്യക്കുറികൾക്ക് 70 ലക്ഷവുമാണ് ഒന്നാം സമ്മാനം.

                               മാർച്ച് ഒന്നിന് മുമ്പും ശേഷവുമുള്ള സമ്മാന തുകകൾ
 

                                                             പൗർണമി

                                                     പഴയത്       പുതിയത് 

                                                    70 ലക്ഷം           80 ലക്ഷം

 

                                                              വിൻ വിൻ

                                                     പഴയത്        പുതിയത്

                                                     65 ലക്ഷം       75ലക്ഷം

 

                                                            സ്ത്രീ ശക്തി

                                                   പഴയത്          പുതിയത്

                                                  70 ലക്ഷം         75 ലക്ഷം

 

                                                              അക്ഷയ

                                                    പഴയത്       പുതിയത്

                                                      60 ലക്ഷം       70ലക്ഷം

 

                                                         കാരുണ്യ പ്ലസ്

                                                  പഴയത്       പുതിയത്

                                                  70ലക്ഷം         80 ലക്ഷം

 

                                                              നിർമൽ

                                                    പഴയത്       പുതിയത്

                                                    60ലക്ഷം        70 ലക്ഷം

 

                                                                കാരുണ്യ

                                                      പഴയത്      പുതിയത് 

                                                      1 കോടി       80ലക്ഷം

സമ്മാന വിഹിതത്തിലും ലോട്ടറി വകുപ്പ് വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മുതൽ ഓരോ ലോട്ടറിയുടെയും ആകെ വിറ്റുവരവിന്റെ 57-59 ശതമാനമാണ് സമ്മാനമായി വിതരണം ചെയ്യുക. നേരത്തെ ഇത് 51-52 ശതമാനം വരെ ആയിരുന്നു. അതായത്, സമ്മാന വിഹിതത്തിൽ 6-7 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സർവകാല വർദ്ധനവെന്നാണ് ലോട്ടറി വകുപ്പ് അവകാശപ്പെടുന്നത്.

സമ്മാന തുകയിലേക്കുള്ള വിറ്റുവരവ് വിഹിതത്തിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് 6.27 ശതനാനത്തിന്റെ വർദ്ധനവാണ് അക്ഷയ ഭാ​ഗ്യക്കുറിക്ക് ഉണ്ടായിരിക്കുന്നത്. ജനപ്രിയമായ കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുകയിലേക്കുള്ള വിഹിതത്തിൽ 6 ശതമാനത്തിന്റെ വർദ്ധനവാണ് ലോട്ടറി വകുപ്പ് വരുത്തിയിരിക്കുന്നത്.


ഇനി മുതൽ ലോട്ടറിക്ക് 28 ശതമാനം ജിഎസ്ടി

നാളെ മുതൽ കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ ജിഎസ്ടി 28 ശതമാനമായി മാറും. ഇതുവരെ ഉണ്ടായിരുന്ന 12 ശതമാനം നികുതിയാണ് 28 ശതമാനത്തിലേക്ക് ഉയർത്തിയത്. ഒറ്റയടിക്ക് സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന ലോട്ടറി ടിക്കറ്റിന് 16 ശതമാനം നികുതിയാണ് കൂടിയത്. രാജ്യത്ത് നേരിട്ട് ലോട്ടറി നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം. ജിഎസ്ടി കൗൺസിലിൽ, ആദ്യമായി ഒരു തീരുമാനം നടപ്പാക്കാൻ വോട്ടെടുപ്പ് വേണ്ടി വന്നതും ലോട്ടറി വിഷയത്തിലായിരുന്നു.
 
നിലവിൽ 1,200 കോടി രൂപയാണ് ലോട്ടറിയിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന ലാഭം. പുതിയ മാറ്റങ്ങൾ ലോട്ടറി മേഖലയിൽ വരുത്തുന്ന വ്യതിയാനങ്ങൾ എന്തൊക്കെയാണെന്ന് ഏതാനും മാസങ്ങൾക്കകം വ്യക്തമാകും. ജിഎസ്ടി കൂടുന്നതോടെ നികുതിയിൽ പകുതി കേന്ദ്ര സർക്കാരിന് നൽകേണ്ടി വരുകയും ചെയ്യും. വർദ്ധിപ്പിച്ച നികുതിയും വിലയിലെ മാറ്റവും കണക്കിലെടുത്താൽ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ അത് വലിയ കുറവിന് കാരണമായേക്കാം. ഭാവിയിൽ സ്വകാര്യ ലോട്ടറികളെ ഇത് വലിയ തോതിൽ സഹായിക്കാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios