ക്രിസ്തുമസ്-പുതുവത്സര ബമ്പർ ടിക്കറ്റുകൾ 51 ലക്ഷം കടന്ന് റെക്കോർഡ് വില്പനയിൽ. 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പർ ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. ആവശ്യം കണക്കിലെടുത്ത് കൂടുതൽ ടിക്കറ്റുകൾ വിപണിയിലെത്തിക്കുകയായിരുന്നു. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പന. ഇതിനകം വില്പന 50 ലക്ഷം കടന്നു. 51,66,810 ടിക്കറ്റുകൾ ഇന്ന് ഉച്ചവരെ വിറ്റുകഴിഞ്ഞുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നറുക്കെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ടിക്കറ്റിന് ആവശ്യക്കാർ ഏറിവരികയാണ്. ഇത് കണക്കിലെടുത്ത് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിപണിയിലെത്തിച്ചിരുന്നു. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

ഏറ്റവും കൂടുതല്‍ വില്‌പന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. ഇതുവരെ 12,20,520 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,44,340 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,15,090 ടിക്കറ്റുകളുടെ വില്‌പന നടന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തിനെ അട്ടിമറിച്ച്‌ 3,34,910 ടിക്കറ്റുകള്‍ വിറ്റ കൊല്ലം ജില്ല നാലാം സ്ഥാനത്തും 3,11,780 ടിക്കറ്റുകളുടെ വില്‌പനയോടെ കണ്ണൂര്‍ ജില്ല അഞ്ചാം സ്ഥാനത്തുമാണ്‌.

നറുക്കെടുപ്പിലൂടെ വിജയിക്കുന്നവരിൽ ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും സമ്മാനമായി ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒൻപത് സമാശ്വാസ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിൻ്റെ സവിശേഷത. BR 107 നമ്പർ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. നാനൂറ് രൂപയാണ് ഓരോ ടിക്കറ്റിൻ്റെയും വില. നറുക്കെടുപ്പ് 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിൽ നടക്കും.