ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.
തിരുവനന്തപുരം : ലോട്ടറിയിലൂടെ ഭാഗ്യമെത്തിയിട്ടും ജീവിതത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കാനാകാതെ പോയ നിരവധി പേരുടെ വാർത്തകൾ നാം കേൾക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ ഭാഗ്യശാലികൾക്ക് ബോധവൽക്കരണം നൽകാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്. സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാമെന്നതിൽ ഇവർക്ക് വിദഗ്ധ ക്ലാസുകൾ നൽകാനാണ് തീരുമാനം.
ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള പാഠ്യപദ്ധതികൾ ഉടൻ ആവിഷ്കരിക്കും. നിക്ഷേപ പദ്ധതികൾ, നികുതി, തുടങ്ങിയവയിലൂന്നിയായിരിക്കും ക്ലാസ്.
ലോട്ടറിയുടെ ഭാഗ്യം വഴി ഓരോ ദിവസവും ലക്ഷങ്ങൾ സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി വിനിയോഗിക്കാൻ അറിയാത്തതിനാൽ പലരും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ ചെന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം. പണം സുരക്ഷിതമായി വിനിയോഗിക്കാനോ നിക്ഷേപം നടത്താനോ അറിയാത്തതാണ് ഇതിന് കാരണം. ഇത്തരം ഘട്ടത്തിൽ വിജയികൾക്ക് നിർദ്ദേശങ്ങൾ നൽകി പണം സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ വ്യക്തമാക്കി.
ഹാപ്പിയല്ലെന്ന് ഒരു കോടി ലോട്ടറി അടിച്ച അന്നമ്മ, നികുതിയടച്ച് തുക തീരാറായെന്ന് ആവലാതി
കോട്ടയം : ഭാഗ്യം വരാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല, അത് പണത്തിന്റെ രൂപത്തിലാണെങ്കിൽ സന്തോഷം ഇരട്ടിച്ചേക്കാം. അപ്പോൾ ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചാലോ! കിട്ടിയവര്‍ ഹാപ്പി, കിട്ടാത്തവര്‍ക്ക് നിരാശ അതാണല്ലോ ലോട്ടറി എടുക്കുന്നവരുടെ അവസ്ഥ. എന്നാൽ ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയല്ല കോട്ടയം സ്വദേശിയായ വീട്ടമ്മ അന്നമ്മയ്ക്ക്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഭാഗ്യമിത്രയുടെ ഒരു കോടി രൂപയുടെ ഭാഗ്യം അന്നമ്മയെ തേടിയെത്തിയത്. അപ്പോൾ സന്തോഷം തന്നെയായിരുന്നു ഈ വീട്ടമ്മയ്ക്ക്. നികുതിയെല്ലാം കഴിഞ്ഞ് ഒരു 60 ലക്ഷത്തിന് മുകളിൽ തുക കയ്യിൽ കിട്ടി. കടങ്ങളും മറ്റും വീട്ടി ബാക്കി ട്രഷറിയിൽ സ്ഥിരം നിക്ഷേപമായി സൂക്ഷിച്ചു.
അങ്ങനെയിരിക്കെ ഒരു വര്‍ഷം കഴിഞ്ഞ് ഇപ്പോഴിതാ ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നു, ആദായനികുതി വകുപ്പിന്റെ വക. നാല് ലക്ഷം രൂപ സര്‍ ചാര്‍ജ് ആയി നികുതിയടയ്ക്കണമെന്ന്. ഒരു വര്‍ഷം വൈകിയാണ് നോട്ടീസ് വന്നതെന്നിരിക്കെ എന്ത് ചെയ്യണമെന്ന് അറിയില്ല അന്നമ്മയ്ക്ക്. തിരുവനന്തപുരത്തെ ലോട്ടറി വകുപ്പിനോട് ചോദിച്ചപ്പോൾ, എല്ലാ നികുതിയും പിടിച്ച് ബാക്കി തുകയാണ് നൽകിയതെന്നാണ് അറിയിച്ചതെന്ന് അന്നമ്മ പറയുന്നു.
ജൂലൈ 31 ന് അകം തുക അടയ്ക്കണം എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറിയിച്ചത്. ഇത്തരം നിയമപരമായ കാര്യങ്ങളിൽ സര്‍ക്കാര്‍ ബോധവൽക്കരണം നടത്തുന്നില്ലെന്നാണ് ഈ വീട്ടമ്മയുടെ പരാതി. മാത്രമല്ല, ഒരു വര്‍ഷം വൈകി ലഭിച്ച നോട്ടീസ് ആയതിനാൽ കൈയ്യിലുള്ള തുക മുഴുവൻ നൽകേണ്ടി വരുമെന്ന് ആരെല്ലാമോ തന്നോട് പറഞ്ഞെന്നും ഒട്ടൊന്ന് ഭയത്തോടെ അന്നമ്മ പറയുന്നു. നാളെ ലോട്ടറി വഴി ഭാഗ്യം വരുന്നവര്‍ക്ക് ഇത്തരമൊരു അവസ്ഥ വരരുതെന്നും അന്നമ്മ ആവര്‍ത്തിക്കുന്നു.
Read More : സാജന്റെ സത്യസന്ധത; സന്ധ്യമോൾ കാണുകപോലും ചെയ്യാത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം
