കോഴിക്കോട്: യോഗ്യതയുണ്ടായിട്ടും അധ്യാപകൻ ആകാൻ കഴിയാത്ത നിഥിൻ മങ്ങിയ കാഴ്ചയുടെ ലോകത്ത് ഭാഗ്യം വിൽക്കുകയാണ്. ബിരുദവും ബി.എഡും ഒന്നാം ക്ലാസോടെ പാസായ ഭിന്നശേഷിക്കാരനായ കക്കോടി സ്വദേശി പരേതനായ ഊരാളുവീട്ടിൽ മീത്തൽ രാമകൃഷ്ണ‍ൻ്റെ മകൻ നിഥിനാണ് ലോട്ടറി വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. 

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ബി.എ മലയാളത്തിന് പഠിക്കുമ്പോഴാണ് നിഥിന് അധ്യാപകൻ ആകണമെന്ന താത്പര്യം ജനിക്കുന്നത്. തുടർന്ന് കോഴിക്കോട് ടീച്ചർ ട്രെയ്നിം​ഗ് സെൻ്ററിൽ നിന്ന് ഒന്നാം ക്ലാസോടെ ബി.എഡ് പാസായി. ഇതോടെ ജോലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ജോലി ലഭിക്കാതെ വന്നതോടെ കുടുംബ ചെലവിനായി ബുദ്ധിമുട്ടേണ്ടി വന്നു. ഇതോടെയാണ് നിഥിൻ ജോലി തേടിയലഞ്ഞത്. രണ്ടു തവണ പി.എസ്.സി ലിസ്റ്റിൽ പെട്ടെങ്കിലും ജോലി ലഭിച്ചിരുന്നില്ല. 

കാഴ്ച ശക്തി 75 ശതമാനം നഷ്ടപ്പെട്ട 29കാരനായ നിഥിൻ നാലംഗ കുടുംബത്തിൻ്റെ ഏക അത്താണിയായതോടെ ജീവിത പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. അർബുദ രോഗിയായ പിതാവ് മരണമടയുന്നതുവരെ ചികിത്സ മുടങ്ങാതിരിക്കാന്‍, വയ്യായ്കകൾ എല്ലാം മാറ്റി വച്ച് കൂടുതൽ സമയം ജോലി ചെയ്തു. ജ്യേഷ്ഠൻ ഷിബിൻ പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട ആളാണ്. അധ്യാപകനാവണമെന്ന ആഗ്രഹത്തിൽ ദുരിതത്തിനിടയിലും യോഗ്യത നേടിയ നിഥിൻ പ്രതീക്ഷകൾ ഓരോന്നായി കൈവിട്ടതോടെയാണ് ലോട്ടറി വിൽപനക്കാരനാകുന്നത്.  

ആദ്യം കോഴിക്കടയിലായിരുന്നു നിഥിന് ജോലി. വെള്ളം കൊണ്ടുനൽകലും കവറ് പിടിക്കലും പണം വാങ്ങലുമായിരുന്നു അവിടെ ജോലി. രാവിലെ ആറര മുതൽ വൈകിട്ട് ഏഴരവരെ ജോലി ചെയ്താൽ 450 രൂപ കൂലി ലഭിച്ചിരുന്നു. പിന്നീട്  പെയിന്റിംഗ് ജോലി ചെയ്തു. തുടർന്നാണ് ലോട്ടറി വിൽപനയിലെത്തുന്നത്. ലോട്ടറി കടയിൽ നിന്ന് ഇപ്പോൾ 650 രൂപ കൂലി ലഭിക്കുന്നുണ്ട്. ഇനിയും പരീക്ഷയെഴുതി അധ്യാപക ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്നാണ് ഒരിക്കൽ പോലും സ്വയം ഭാഗ്യം പരീക്ഷിക്കാത്ത നിഥിൻ്റെ പ്രതീക്ഷ.