Asianet News MalayalamAsianet News Malayalam

ചന്ദ്രനെ കോടീശ്വരനാക്കിയ സ്മിജ, ഇത് ചെയ്യുന്ന ജോലിയോടുള്ള കൂറിന്റെ കഥ !

ചെയ്തത് വലിയ കാര്യമാണെന്നോ നന്മയാണെന്നോ പറഞ്ഞാൽ സ്മിത സമ്മതിച്ചു തരില്ല. ലൈഫിൽ കിട്ടിയ വീടുണ്ട്. ജീവിക്കാനുള്ളത് കിട്ടുന്നുമുണ്ട്. പിന്നെന്തിനാണിതിനുമാത്രം പണമെന്നാണ് സ്മിജ ചോദിക്കുന്നത്. 
 

summer bumper lottery seller story
Author
Ernakulam, First Published Mar 24, 2021, 10:02 AM IST

നിനച്ചിരിക്കാതെ കോടീശ്വരനായതിന്റെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് എറണാകുളം കീഴ്മാട് സ്വദേശി ചന്ദ്രൻ. ഞയറാഴ്ച നറുക്കെടുത്ത സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനമാണ് അതിന് കാരണം. എന്നാൽ ചന്ദ്രന്റെ ഈ സന്തോഷത്തിന് പിന്നിൽ ഒരു അനുബന്ധ കഥ കൂടിയുണ്ട്. ലോട്ടറി ഏജന്റ് സ്മിജയുടെ ചെയ്യുന്ന ജോലിയോടുള്ള കൂറിന്റെ കഥ

നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത് എസ്ഡി. 316142 എന്ന ടിക്കറ്റിനാണ്. ആറു കോടിയടിച്ച ആ ടിക്കറ്റ് പക്ഷേ ചന്ദ്രന്റെ പോക്കറ്റിലല്ല, മറിച്ച് ലോട്ടറി വിൽപ്പനക്കാരിയായ സ്മിജയുടെ കയ്യിലായിരുന്നു. കടം പറഞ്ഞതാണെങ്കിലും ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് സ്മിജ ചന്ദ്രന് വാട്സാപ്പിൽ‍ അയച്ച് കൊടുത്തിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ മറ്റൊന്നും നോക്കാതെ രാത്രിയ്ക്ക് രാത്രി ടിക്കറ്റ് ഉടമയ്ക്കെത്തിച്ചു സ്മിജ. 

ടിക്കറ്റ് കൊടുക്കുമ്പോൾ സ്മിജ ഒന്നേ പറഞ്ഞുള്ളൂ, നേരത്തെ വാങ്ങിയ വകയിൽ ഒരു 1450 തരാനുണ്ടല്ലോ. 1500 മുഴുവനായും ഇരിക്കട്ടെയെന്ന് പറഞ്ഞ് ചന്ദ്രൻ പണവും കൊടുത്തു. സ്മിജയുടെ മുഖത്ത് അമ്പതിനും അഞ്ഞൂറിനും അപ്പുറം നിൽക്കുന്ന സന്തോഷമായിരുന്നു അപ്പോൾ തെളിഞ്ഞത്.

10 വർഷമായി സ്മിജയും ഭർത്താവ് രാജേശ്വരനും ലോട്ടറി വിൽപ്പന തുടങ്ങിയിട്ട്. ആദ്യ നാലുമാസത്തിനിടെ രണ്ടുതവണ ഒരു ലക്ഷമടിച്ചു. അതറിഞ്ഞ് ലോട്ടറി വാങ്ങാൻ കൂടുതലാളുകൾ എത്തി. എടുക്കുന്ന അത്രയും ടിക്കറ്റുകളും വിറ്റു പോയി. 

‘ഞാന്‍ ഗര്‍ഭിണി ആയിരുന്ന സമയത്തും ലോട്ടറി വിറ്റിരുന്നു. ദൈവമേ അത് വന്ന് നിക്കണത് കാണുമ്പോ സങ്കടമാവുമെന്ന് പലരും പറഞ്ഞു. ആ സമയത്ത് അവിടെയുള്ള കെഎസ്ഇബിയിലെ ആള്‍ക്കാർ ഇരിക്കാന്‍ കസേര വരെ ഇട്ട് തന്നിട്ടുണ്ട്. അവിടെ ഇരുന്ന് ടിക്കറ്റ് വിറ്റോളാനും അവർ പറഞ്ഞു,‘ സ്മിജ പറയുന്നു

ചെയ്തത് വലിയ കാര്യമാണെന്നോ നന്മയാണെന്നോ പറഞ്ഞാൽ സ്മിത സമ്മതിച്ചു തരില്ല. ലൈഫിൽ കിട്ടിയ വീടുണ്ട്. ജീവിക്കാനുള്ളത് കിട്ടുന്നുമുണ്ട്. പിന്നെന്തിനാണിതിനുമാത്രം പണമെന്നാണ് സ്മിജ ചോദിക്കുന്നത്. 

‘ഇത് വലിയ കാര്യമായിട്ട് ആരും കാണണ്ട. ഇത് ഞാൻ സ്ഥിരം ചെയ്യുന്നതാണ്. ഒരു ലക്ഷമായാലും പത്ത് ലക്ഷമായാലും അടിച്ചാൽ അത് അർഹതപ്പെട്ടത് ആരാണോ അവർക്ക് കൊടുക്കാറുണ്ട്. ഇതെന്റെ ജോലിയാണ്. അതിനോട് ഞാൻ ആത്മാർത്ഥത കാണിക്കുന്നു‘, എന്നാണ് സ്മിജ പറയുന്നത്. എന്തായാലും സ്മിജയുടെ സത്യസന്ധത അറിഞ്ഞ കേരളക്കരയും ഒരേ മനസ്സോടെയാണ് ഈ യുവതിയെ സ്വീകരിക്കുന്നത്.   

Follow Us:
Download App:
  • android
  • ios