Asianet News MalayalamAsianet News Malayalam

'പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കർശന നടപടി വേണം, ഇന്ത്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണ്'; കെ സുരേന്ദ്രന്‍

വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്‍റെ  സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡ‍ണ്ട്.

'Government should take strict action against Popular Front hartal, India is not a religious country but a democratic country
Author
First Published Sep 22, 2022, 5:15 PM IST

കോഴിക്കോട്:പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഹർത്താലിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം. തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ഇന്ത്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഓർക്കണം. പോപ്പുലർ ഫ്രണ്ട് മുൻകാലങ്ങളിൽ നടത്തിയ ഹർത്താലുകളെല്ലാം കലാപത്തിലാണ് കലാശിച്ചത്. വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണ്.

സമൂഹത്തിൽ വിഭജനമുണ്ടാക്കാനുള്ള മതതീവ്രവാദികളുടെ നീക്കത്തിനെ തടയിടാൻ ആഭ്യന്തരവകുപ്പ് തയ്യാറാകണം. രാജ്യത്ത് കേരളത്തിൽ മാത്രമാണ് മതഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരം ലഭിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.അനാവശ്യ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാട് എടുത്തിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനോട് മൃദു സമീപനം കാണിക്കുന്നത് വോട്ട്ബാങ്ക് താത്പര്യം മുന്നിൽ കണ്ടാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

നേതാക്കളുടെ അറസ്റ്റ്: നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്‍റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്  ഹർത്താൽ. ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ  ആവശ്യപ്പെട്ടു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ഇന്നും നാളെയും പ്രകടനങ്ങള്‍ നടത്താനും സാധ്യതയുണ്ട്. 

പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതി‍ര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും? അമിത് ഷാ അജിത് ഡോവലിനെ കണ്ടു,രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ

Follow Us:
Download App:
  • android
  • ios