സ്വപ്നയുടെ ആരോപണം അതീവ ഗൗരവമുള്ളത്.അന്വേഷണം നടന്നേ മതിയാകൂ.മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും എല്‍ദോസിനെതിരെ കെപിസിസി നടപടിയെടുത്തെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ 

കാസര്‍കോട്: സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതും, പൊലീസ് നടപടിയെടുക്കാത്തും ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന് മുമ്പ് സമാന ആരോപണങ്ങളില്‍ പൊലീസ് എഫ്ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്. ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. എല്‍ദോസിന്‍റെ കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്‍റെ പേരില്‍ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

'എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോ?സ്വപ്ന തെളിവ് വച്ചാണ് സംസാരിക്കുന്നത്: കെസുധാകരന്‍

'ശിവശങ്കറെ പെട്ടെന്ന് തിരിച്ചെടുത്തതിന്‍റേയും, സംരക്ഷിക്കുന്നതിന്‍റേയും പിന്നിലെ രഹസ്യം ജനങ്ങൾക്ക് ബോധ്യമായി'

അതേസമയം, പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ വ്യക്തമാക്കി. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. യുവതിയുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണങ്ങൾ എല്ലാം സത്യം ആണെന്ന് ആരും കണ്ണടച്ചു വിശ്വസിക്കരുത്. നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. മൊബൈൽ ഫോൺ ഹാജരാക്കണം എന്നാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു