Asianet News MalayalamAsianet News Malayalam

'പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ സങ്കടവും പ്രതിഷേധവും,ഇനിയും വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും'

കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട്  കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച പ്രേമനന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്,നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.ഹൈക്കോടതി ഇടപെട്ടിട്ടും അറസ്റ്റ് വൈകുന്നത് ദുരൂഹം

'Sadness and protest over non-arrest of the accused, if there is further delay, a private complaint will be filed'
Author
First Published Sep 24, 2022, 11:01 AM IST

കാട്ടാക്കട:മകളുടെ മുന്നിലിട്ട് മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി അച്ഛന്‍ പ്രേമനന്‍ രംഗത്ത്.പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിൽ സങ്കടവും പ്രതിഷേധവും ഉണ്ട്..അറസ്റ്റ് ഇനിയും വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും.നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.ഹൈക്കോടതി ഇടപെട്ടിട്ടും അറസ്റ്റ് വൈകുന്നത് ദുരൂഹം.ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപ പ്രചരണം നടക്കുന്നു.ഇത് മക്കളുടെ പഠനത്തെ അടക്കം ബാധിക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

അതേ സമയം പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. മർദ്ദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും പ്രതി ചേർത്തു. ഒളിവിൽ നിന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമ്പോഴും സമ്മർദ്ദം ചെലുത്തി കീഴടക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികൾക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം.

ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ഇന്നലെ കേസിൽ പ്രതി ചേർത്തിരുന്നു. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു

കാട്ടാക്കടയില്‍ മകളുടെ മുന്നിൽ വെച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഹൈക്കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിച്ചു. മർദ്ദനമേറ്റ പ്രേമനനെയും മകളെയും നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതായി കെഎസ്ആ‍ര്‍ടിസി അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരുവര്‍ക്കും ഉറപ്പ് നൽകി. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചതായും റിപ്പോർട്ടിലുണ്ട്. ദൃശ്യങ്ങൾ ചിത്രീകരിച്ച കെഎസ്ആ‍ര്‍ടിസിയിലെ ജീവനക്കാരന് നേരെ സുരക്ഷാ ഭീഷണിയുണ്ടെന്നും കേസിൽ ഉൾപ്പട്ടവരുടെ യൂണിയൻ ഇദ്ദേഹത്തെ ലക്ഷ്യം വെക്കുന്ന സാഹചര്യത്തിൽ സുരക്ഷകരണങ്ങളാൽ ഇയാളെ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയതായും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.  

മകൾ രേഷ്മയ്ക്കും  മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ  ചേർന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.

Follow Us:
Download App:
  • android
  • ios