കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നുളള മനോവിഷമവും വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ.കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം കോഴിക്കോട് ജില്ല കോടതിയിൽ റിപ്പോർ‍ട്ട് നൽകി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്തത് ആൾക്കൂട്ട വിചാരണയെത്തുടര്‍ന്ന് അല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നുളള മനോവിഷമവും വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ. കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം കോഴിക്കോട് ജില്ല കോടതിയിൽ റിപ്പോർ‍ട്ട് നൽകി. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനെ കഴിഞ്ഞ ഫെബ്രുവരി 10നാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മോഷണകുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാർ തടഞ്ഞുവച്ചെന്നും സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തെന്നും ആരോപണമുയർന്നിരുന്നു.

ഇതിലുളള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നായിരുന്നു പരാതി. എന്നാൽ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സംഭവം നടന്ന് ഒരുവർ‍ഷമാകുമ്പോൾ ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു. സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ആളുകൾ, സുരക്ഷ ജീവനക്കാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടിയ വിശ്വനാഥന് ചുറ്റം ആളുകള്‍ കൂടി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും ഇവര്‍ വിശ്വനാഥനെ തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ച്, ഭക്ഷണം കഴിച്ചോ എന്നതടക്കമുളള കാര്യങ്ങള്‍ തിരക്കുകയാണ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ആരും മോഷണക്കുറ്റം ആരോപിച്ചിട്ടും ഇല്ല, അന്നേദിവസം മോഷണ പരാതിയൊന്നും പൊലീസിന് കിട്ടിയിട്ടുമില്ല. അതേസമയം, കുഞ്ഞ് ജനിച്ചതിറഞ്ഞ സന്തോഷത്തിലായിരുന്ന വിശ്വനാഥന് കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞത് വിഷമം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷിച്ച കേസിൽ തുമ്പുണ്ടാവാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആൾക്കൂട്ട വിചാരണയില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണമവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ല കോടതിയിൽ അന്തിമ റിപ്പോ‍ർട്ട് സമർപ്പിച്ചത്.

'കള്ളക്കേസില്‍ കുടുക്കിയതിന്' പ്രതികാരം; പൊലീസ് സ്റ്റേഷനിലെ മരത്തിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാശ്രമം

ആദിവാസി യുവാവിന്റെ മരണം; തടഞ്ഞുവച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താനാകാതെ പൊലീസ്, കൂടുതൽ പേരെ ചോദ്യം ചെയ്യും

Asianet News Live | Malayalam News Live | Election 2024 | #Asianetnews