തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശയാത്ര ധൂര്‍ത്തെത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. നേരിട്ട് ജപ്പാനിലേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും മുഖ്യമന്ത്രിയും സംഘവും ദുബായ് വഴിയാണ് പോയത്.  ദുബായിൽ ഒരു ദിവസം തങ്ങുകയും ചെയ്തു. ഇതും ധൂർത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശസന്ദര്‍ശനത്തിനെതിര പ്രതിപക്ഷം വിമര്‍ശനവുമായി നേരത്തെയും രംഗത്ത് എത്തിയിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. മന്ത്രിമാര്‍ക്കൊപ്പം ഐ എഎസുകാരുടെ സംഘം, ആരോഗ്യമിഷന്റെയും ശുചിത്വമിഷന്റെയും ഉദ്യോഗസ്ഥര്‍, പോഴ്സണല്‍ സ്റ്റാഫ്, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വന്‍സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളതെന്നും  ഇത് ധൂര്‍ത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് ഉല്ലാസയാത്രയില്‍: മുല്ലപ്പള്ളി

കഴിഞ്ഞ 23 നാണ് 12 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടത്. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്  തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്.  റീബില്‍ഡ് കേരള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വേളയിലെ വിദേശ സന്ദര്‍ശനത്തിനെതിരെയും വിമര്‍ശനം ശക്തമാവുകയാണ്.