തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും കുടുംബസമേതം വിദേശത്ത് ഉല്ലാസയാത്ര നടത്തുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സാമ്പത്തികപ്രയാസത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് താങ്ങാവുന്നതല്ല ഈ ദുര്‍വ്യയമെന്നും മുല്ലപ്പള്ളി വാര്‍ത്തകുറിപ്പിലൂടെ ചൂണ്ടികാട്ടി.

റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇത് മുഗള്‍ചക്രവര്‍ത്തിമാരുടെ അവസാനകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ജപ്പാന്‍, കൊറിയന്‍ പര്യടനത്തില്‍ കുടുംബസമേതം ഉള്ളത്. ഐ എ എസുകാരുടെ സംഘം, ആരോഗ്യമിഷന്റെയും ശുചിത്വമിഷന്റെയും ഉദ്യോഗസ്ഥര്‍, പോഴ്സണല്‍ സ്റ്റാഫ്, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വന്‍സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളതെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കുടുംബസമേതം ഇപ്പോള്‍ സ്വിറ്റ്സര്‍ലന്റ്, അയര്‍ലന്റ് പര്യടനത്തിലാണ്.  ജനം നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് കടുത്തസാമ്പത്തിക പ്രതിസന്ധിയിലും മന്ത്രിമാരും ഉദ്യോഗസ്ഥരും കൂട്ടത്തോടെ വിദേശത്ത് പിക്നിക് നടത്തുന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ഇതുവരെ വിവിധ വിദേശരാജ്യങ്ങളിലായി ആറുതവണയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പര്യടനം നടത്തിയത്.  നിലവിലെ ജപ്പാന്‍-കൊറിയ  പര്യടനത്തിന് മുന്‍പായി നെതര്‍ലന്റ്, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, യു.കെ.എന്നീ യുറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.2016ലും 2018 ലും  യു.എ.ഇയില്‍ പര്യടനം നടത്തി. രണ്ടുതവണ അമേരിക്ക സന്ദര്‍ശിച്ചു.ഈ യാത്രകളുടെ ലക്ഷ്യമെന്താണെന്നും ഇതുകൊണ്ട് കേരളത്തിന് എന്തുനേട്ടമാണുണ്ടായതെന്നും ആര്‍ക്കും അറിയില്ല. സമീപകാല മുഖ്യമന്ത്രിമാരൊന്നും ഇത്രയധികം വിദേശയാത്രകള്‍ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശപര്യടനം സംബന്ധിച്ച് സര്‍ക്കാര്‍ ഉടനടി ധവളപത്രം ഇറക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആരോഗ്യരംഗം താറുമാറായി കിടക്കുമ്പോഴാണ് ആരോഗ്യമന്ത്രി വിദേശയാത്ര നടത്തിയത്.മൂന്ന് ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ചികിത്സകിട്ടാതെയാണ് ബത്തേരി സ്‌കൂളിലെ കുട്ടി മരിച്ചത്. ഈ കുട്ടിയുടെ വീട്ടില്‍ ഇതുവരെ ആരോഗ്യമന്ത്രി പോയിട്ടില്ല. അരോഗ്യമേഖല കുത്തഴിഞ്ഞ് കിടക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.