കഴിഞ്ഞ 10 ദിവസത്തോളമായി ഗുണ്ടാ സംഘത്തിന്‍റെ പിടിയിലായിരുന്ന താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ ഒടുവിൽ വടകരയിലെത്തിച്ചു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു. പത്ത് ദിവസം മുമ്പാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. കർണാടകയിൽ നിന്നാണ് ഷാഫിയെ കണ്ടെത്തിയത് എന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ദിവസങ്ങൾ നീണ്ട് നിന്ന ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ വിരാമം. കഴിഞ്ഞ 10 ദിവസത്തോളമായി ഗുണ്ടാ സംഘത്തിന്‍റെ പിടിയിലായിരുന്ന താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ ഒടുവിൽ വടകരയിലെത്തിച്ചു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ തുടരുന്നതിനിടയാണ് ഇയാളെ കർണാടകയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ തട്ടിക്കൊണ്ടുപോയത് ആരെന്നോ, എന്തിനെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഷാഫിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം ഏഴിനാണ് താമരശ്ശേരി പരപ്പൻ പോയിലിലെ വീട്ടിൽനിന്ന് മുഹമ്മദ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ച് എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച് ശേഷം ഷാഫിയയുമായി സംഘം കടന്നു കളയുകയായിരുന്നു. സൗദി അറേബ്യ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു ഷാഫിയെ തട്ടിക്കൊണ്ട് പോകുന്നതിലേക്ക് നയിച്ചത്.

ഷാഫിയുമായി പണം ഇടപാട് ഉണ്ടായിരുന്ന താമരശ്ശേരി സ്വദേശി സാലിയ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും ആരോപണം നിഷേധിച്ച് സാലിയുടെ വീഡിയോ പുറത്ത് വന്നു. പിന്നാലെ തടവിൽ കഴിയുന്ന ഷാഫിയുടെ രണ്ട് വീഡിയോകളും എത്തി. സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തന്നെ തട്ടിക്കൊണ്ടു പോകാൻ ഇടയാക്കിയതെന്ന് ആണ് ഷാഫി ആദ്യ വീഡിയോയിൽ പറഞ്ഞത് എങ്കിൽ തന്റെ സഹോദരൻ നൗഫലിനെതിരെ ആരോപണം ഉന്നയിക്കുന്നതായിരുന്നു ഷാഫിയുടെ രണ്ടാമത്തെ വീഡിയോ. ഇതെല്ലാം അന്വേഷണം വഴിതെറ്റിക്കാൻ തട്ടിക്കൊണ്ടുപോയ സംഘം നടത്തിയ നീക്കങ്ങൾ എന്നാണ് പൊലീസ് വിലയിരുത്തിയത്. 

തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച കാർ കാസർകോട് നിന്നും കണ്ടെത്തിയതായിരുന്നു അന്വേഷണത്തിൽ നിർണായ വഴിത്തിരിവായത്. ഇതുമായി ബന്ധപ്പെട്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കേന്ദ്രം കർണാടകയിൽ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. കേരളത്തോട് ചേർന്നുള്ള കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് ഷാഫിയെ കണ്ടെത്തിയത്. ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളത് ആരെല്ലാം, തടങ്കലിൽ പറപ്പിച്ചത് എവിടെ? തുടങ്ങിയ നിർണായ വിവരങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.