സംഭവത്തിൽ സ്കൂൾ അതികൃതര്‍ക്കും ഡോക്ടർക്കും വീഴ്ച സംഭവിച്ചതായും സുരേഷ് പറഞ്ഞു. 

വയനാട്: സ്കൂളില്‍ വച്ച് പാമ്പ് കടിച്ച് മരിച്ച ഷെഹലയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണം. സംഭവത്തിൽ സ്കൂൾ അതികൃതര്‍ക്കും ഡോക്ടർക്കും വീഴ്ച സംഭവിച്ചതായും സുരേഷ് പറഞ്ഞു. ഷഹ്‍ല പഠിച്ചിരുന്ന സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തി.

Add Asianetnews as a Preferred SourcegooglePreferred

ഷഹ്‍ല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും കൃഷി മന്ത്രി വി എസ് സുനിൽ കുമാറും സന്ദര്‍ശിച്ചിരുന്നു. ഷഹ്ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച രവീന്ദ്രനാഥ് ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികൾ കുടുംബാംഗങ്ങളോട് വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദമായ അന്വേഷണം നടത്തും. ഇനി അത്തരം ഒരു സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ രവീന്ദ്രനാഥ് സ്കൂളിന് രണ്ട് കോടി രൂപ ഉടൻ അനുവദിക്കുമെന്ന് അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നഗരസഭയെ ചുമതല പെടുത്തിയതായും മന്ത്രി പറഞ്ഞു. വയനാട്ടിലെ എല്ലാ സ്കൂളുകളിലും ഉടൻ പരിശോധന നടത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അതേസമയം ഷഹ്‍ല ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.