സ്വാതന്ത്ര്യദിനത്തിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സർക്കാർ നിലപാടെന്നും, ഇത് വിഘടന രാഷ്ട്രീയത്തിന്റെ പ്രതിധ്വനിയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വന്ദേമാതരം ആലപിക്കാതിരുന്നത് ഗുരുതരമായ ഭരണഘടനാ-നിയമ പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുമെന്നും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ദേശീയഗാനവും ദേശീയഗീതവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ നടക്കുമ്പോൾ കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് വ്യത്യസ്തമായ സമീപനമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്. ഇവിടെ എഴുതപ്പെട്ട ഭരണഘടനയും നിയമവാഴ്ചയുമുണ്ട്. ഭരണഘടന സംരക്ഷിക്കുമെന്നും നിയമം പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ഉത്തരവാദിത്തം നിറവേറ്റണം. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ദേശീയതയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുമ്പോൾ കേരളത്തിൽ മാത്രം എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.
വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അതിന് നിർണായകമായ സ്ഥാനമുണ്ട്. ഭരണഘടനാ നിർമാണസഭയുടെ ആഗ്രഹപ്രകാരം ദേശീയഗാനത്തോടൊപ്പം വന്ദേമാതരത്തിനും ആദരവ് നൽകണമെന്ന നിലപാട് കേന്ദ്രസർക്കാർ നേരത്തെയും വ്യക്തമാക്കിയിട്ടുള്ളതാണ്. ദേശീയഗാനമോ ദേശീയഗീതമോ ആലപിക്കുന്നതിനെ മതത്തിന്റെ പേരിൽ രാഷ്ട്രീയ വിവാദമാക്കുന്നത് അംഗീകരിക്കാനാവില്ല. സാധാരണക്കാരായ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ദേശീയഗാനത്തോടോ ദേശീയഗീതത്തോടോ യാതൊരു പ്രശ്നവുമില്ല. മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അലി ജിന്നയുടെ കാലത്ത് രാജ്യത്തെ വിഭജിച്ച വിഘടന രാഷ്ട്രീയത്തിന്റെ പ്രതിധ്വനി വീണ്ടും കേരളത്തിൽ ഉയരുകയാണ്. ജിന്നയുടെ സ്ഥാനത്ത് ഇന്ന് ചിലർ മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും മുന്നിൽ നിർത്തുകയാണ്. കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ആരാണെന്ന ചോദ്യം ഉയരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അധികാരത്തിനും രാഷ്ട്രീയ ലാഭത്തിനുമായി കോൺഗ്രസ് ഏത് പരിധിവരെയും പോകാനും ആരുടെ മുന്നിലും കീഴടങ്ങാനും തയ്യാറാകുകയാണ്. മുസ്ലിം ലീഗിന്റെ മുന്നിൽ പോലും സറണ്ടർ ചെയ്യാൻ തയ്യാറാകുന്ന രാഷ്ട്രീയം, ഭരണഘടനയെയും നിയമസംവിധാനത്തെയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയം, ദേശീയതയെ പോലും രാഷ്ട്രീയ താൽപര്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന രാഷ്ട്രീയം-ഇതാണ് ഇന്ന് കോൺഗ്രസിന്റെ അപകടകരമായ മുഖമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്നലെ എഐസിസിയിൽ കണ്ട കാഴ്ചയെ എന്താണ് വിളിക്കേണ്ടത്? ഈ കോൺഗ്രസിന്റെ രാഷ്ട്രീയം എന്താണ്? അവരുടെ താൽപര്യം എന്താണ്? അവരുടെ ലക്ഷ്യം എന്താണ്? ഈ രാജ്യം ആദരിച്ച ഒരു മഹിള ദേശീയഗാനം ആലപിക്കുമ്പോൾ അത് തടയാൻ ശ്രമിക്കുന്ന സാഹചര്യത്തിലേക്കാണ് കോൺഗ്രസ് എത്തിനിൽക്കുന്നത്. രാജ്യത്തിന്റെ ദേശീയതയും ഭരണഘടനയും നിയമവാഴ്ചയും രാഷ്ട്രീയ വിട്ടുവീഴ്ചകൾക്ക് വിധേയമാക്കാനാവില്ല. ഞങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയ കാര്യങ്ങൾ ഇന്ന് ഓരോന്നായി യാഥാർഥ്യമാകുകയാണ്. ദേശീയതയും ഭരണഘടനയും നിയമവാഴ്ചയും വിട്ടുവീഴ്ച ചെയ്യാനുള്ളതല്ല. രാജ്യമാണ് പ്രധാനം; രാഷ്ട്രീയം അതിന് ശേഷം. ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ഏത് ശ്രമത്തെയും ബിജെപിയും എൻഡിഎയും ശക്തമായി ചെറുക്കും. ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമൂഹത്തെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന ഒരു രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ ഇടം നൽകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വന്ദേമാതരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നിരിക്കുന്ന വിഷയത്തിൽ ബിജെപി സംസ്ഥാന വ്യാപകമായി ജനകീയ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയിൽ ഫണ്ട് തട്ടിപ്പ് നടന്നുവെന്ന ആരോപണം മാധ്യമ സൃഷ്ടി മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർട്ടിയിൽ നൽകുന്ന കാരണം കാണിക്കൽ നോട്ടീസുകളും അച്ചടക്ക നടപടികളും ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളാണ്. മാധ്യമങ്ങളിൽ വരുന്ന പല വാർത്തകൾക്കും വസ്തുതകളുമായി യാതൊരു ബന്ധവുമില്ല. എല്ലാം കെട്ടുകഥകൾ മാത്രമാണ്. പാർട്ടിയിൽ യാതൊരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല. ആരോടും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടുമില്ല. പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ദേശീയ നിർവാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


