കണ്ണൂർ: ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. ഈ കുടുംബത്തിലെ ഒരു യുവതിക്കാണ് ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചത്. 

സമ്പർക്കത്തിലൂടെയാണ് യുവതിക്ക് കൊവിഡ് ബാധിച്ചത്. ഈ കുടുംബത്തിൽ കൊവിഡ് ബാധിച്ചവരിൽ 81 വയസുകാരനും 11ഉം 13ളം വയസുള്ള കുട്ടികളുമുണ്ട്. മാർച്ച് 15ന് ഷാർജയിൽ നിന്നെത്തിയ 11 വയസുകാരനിൽ നിന്നാണ്  17 അംഗ കൂട്ടുകുടുംബത്തിൽ കൊവിഡ് ബാധയുണ്ടായത്. 

കുടുംബത്തിലെ 81 വയസുകാരന്റെ ആരോഗ്യ നില തൃപ്തികരമാണ്. കണ്ണൂരിൽ ഇന്ന്  കൊവിഡ് സ്ഥിരീകരിച്ച മറ്റ് 3 പേർ ദുബായിൽ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി. ഇവരിൽ 39 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.